കൊൽക്കത്ത: പൊതുയോഗത്തിനിടെ മമത ബാനർജിയുടെ പരസ്യ താക്കീത് ഏറ്റുവാങ്ങിയ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് എംപി സൗമിത്ര ഖാൻ. മഹുവയ്ക്ക് അധികകാലം തൃണമൂലിൽ തുടരാനാകില്ലെന്ന് സൗമിത്ര ഖാൻ പറഞ്ഞു.

അധികം വൈകാതെ മഹുവ ബിജെപിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സൗമിത്ര ഖാൻ പറഞ്ഞു. മമതക്കും അനന്തരവൻ അഭിഷേക് ബാനർജിക്കും മാത്രമെ തൃണമൂലിൽ തുടരാനാകൂവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ മഹുവ മൊയ്ത്രയ്ക്ക് മത്സരിക്കാൻ സീറ്റ് നൽകിയേക്കില്ലെന്നും സൗമിത്ര ഖാൻ കൂട്ടിച്ചേർത്തു. 'അവർ നന്നായി സംസാരിക്കും. ബിജെപിക്കെതിരെ കടുത്ത ഭാഷയിലാണ് അവർ വിമർശനം ഉന്നയിക്കുന്നത്. വൈകാതെ മഹുവ നിലപാട് മാറ്റും,' സൗമിത്ര ഖാൻ പറഞ്ഞു.

വ്യാഴാഴ്ച കൃഷ്ണനഗറിൽ നടന്ന ഒരു പൊതുയോഗത്തിലാണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ മമത സംസാരിച്ചത്. നാദിയ ജില്ലയിലെ പാർട്ടി അണികൾക്കുള്ളിൽ വളരുന്ന വിഭാഗീയതയിൽ അവർ അതൃപ്തി പ്രകടിപ്പിച്ചു. 'മഹുവാ, ഞാനിവിടെ ഒരുകാര്യം വ്യക്തമാക്കാം, ആര്, ആർക്ക് എതിരാണെന്ന് ഞാൻ നോക്കില്ല, പക്ഷേ തെരഞ്ഞെടുപ്പ് വരുമ്പോൾ, ആരാണ് മത്സരിക്കേണ്ടത്, വേണ്ടാത്തത് എന്നൊക്കെ പാർട്ടി തീരുമാനിക്കും. അതുകൊണ്ട് ഇവിടെ അഭിപ്രായവ്യത്യാസമുണ്ടാകരുത് ,' സംസ്ഥാന സർക്കാർ നടത്തിയ ഒരു അഡ്‌മിനിസ്‌ട്രേറ്റീവ് മീറ്റിംഗിനിടെ മമത പറഞ്ഞു.

ഒരേ വ്യക്തി തന്നെ എന്നേക്കും ഒരേ സ്ഥാനത്ത് ഉണ്ടായിരിക്കുമെന്ന് കരുതേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിയുടെ നാദിയ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അടുത്തിടെ നീക്കം ചെയ്യപ്പെട്ട മഹുവയെ ഉദ്ദേശിച്ചുക്കൊണ്ടായിരുന്നു മമതയുടെ പരാമർശം. മഹുവയും അതേ വേദിയിൽ ഉണ്ടായിരുന്നു. അതേസമയം സംഭവത്തിൽ മഹുവ ഇതുവരെ പ്രതികരിച്ചിട്ടില്ല.