തിരുവനന്തപുരം: ചട്ടങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ചും യുജിസി മാനദണ്ഡങ്ങൾ മറികടന്നുമുള്ള വൈസ് ചാൻസലർ നിയമനങ്ങളിൽ ജുഡീഷൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

കണ്ണൂർ വിസിയുടെ പുനർനിയമനം ചട്ടവിരുദ്ധമാണെന്നു പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. സർക്കാരിന്റെ നിർദ്ദേശം അംഗീകരിച്ച ഗവർണറുടെ നടപടിയും നിയമ വിരുദ്ധമാണ്. ഗവർണർ ഇപ്പോഴെങ്കിലും തെറ്റ് മനസിലാക്കിയതിൽ സന്തോഷമുണ്ട്. കാലടി വിസി നിയമനത്തിന് പാനലിനു പകരം ഒറ്റപേര് നൽകിയ സെർച്ച് കമ്മിറ്റി നടപടി പൂർണമായും തെറ്റാണ്.

ഒറ്റ പേര് മതിയെന്ന് ഗവർണർ സമ്മതിച്ചുവെങ്കിൽ അതിനും ന്യായീകരണമില്ല. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കം പ്രതിപക്ഷത്തിന്റെ വിഷയമല്ല. ഈ തർക്കങ്ങൾ ഒത്തുതീർപ്പാക്കാൻ ഡൽഹിയിൽ പ്രത്യേകം ആളുകളുണ്ട്. നേരത്തെയും ഇത്തരം ഒത്തുതീർപ്പുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ സർവകലാശാലകളുടെ സ്വയംഭരണാവകാശങ്ങൾ കവർന്നെടുക്കുന്നതും പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതും പ്രതിപക്ഷം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

പ്രധാന തസ്തികകൾ പാർട്ടിക്കാർക്കായി റിസർവ് ചെയ്തിരിക്കുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷം നിയമ നടപടികൾ സ്വീകരിക്കും. ഇവിടെ ഒന്നും നടക്കരുതെന്ന് വിചാരിക്കുന്നവരെന്ന് മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞത് ആരെ കുറിച്ചാണെന്ന് വ്യക്തമല്ല. ഒരു വിമർശനം പോലും മുഖ്യമന്ത്രി സഹിക്കില്ല. വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന നരേന്ദ്ര മോദിയുടെ മാതൃകയാണ് പിണറായി വിജയനും പിന്തുടരുന്നത്. ഇത് ഏകാധിപതികളുടെ പൊതുസ്വഭാവമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.