തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ മുസ്ലിംലീഗ് നേതാക്കൾ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതാണോ ഒരു രാഷ്ട്രീയപാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട സമീപനമെന്നും മുതിർന്ന നേതാക്കളുടെ മൗനാനുവാദത്തോടെയാണ് കോഴിക്കോട് കടപ്പുറത്ത് നടന്ന പ്രസംഗമെന്നും കോടിയേരി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ:

'ഇതാണോ രാഷ്ട്രീയസംസ്‌കാരം. ഇതാണോ ഒരു രാഷ്ട്രീയപാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ട സമീപനം. റിയാസും വീണയും തമ്മിൽ നിയമപ്രകാരം വിവാഹിതരായി. ആ വിവാഹത്തിനെതിരെ മുസ്ലിംലീഗ് നേതാവ് പ്രസംഗിച്ചത് എന്താണ്. അത് വിവാഹമല്ല, വ്യഭിചാരമാണെന്നാണ്. എന്നിട്ട് പിറ്റേ ദിവസം മാപ്പ്. നല്ല പരിപാടിയാണ്. പറയേണ്ട ചീത്ത മുഴുവനും പറയുക. എന്നിട്ട് മാപ്പെന്ന് പറയുക. ഞാനും കുറെ തെറി വിളിക്കാം. ലീഗുകാരെ അധിക്ഷേപിക്കാം. എന്നിട്ട് നാളെ പറയാം മാപ്പാക്കണമെന്ന്. ലീഗ് നേതാക്കൾ ബോധപൂർവ്വം പറഞ്ഞതാണ്.''

''എന്തുകൊണ്ട് അങ്ങനെയൊരു പരാമർശമുണ്ടായപ്പോൾ പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ എന്നിവർ തടഞ്ഞില്ല. പ്രസംഗത്തോട് യോജിക്കുന്നില്ലെന്ന് പറയാൻ എന്തുകൊണ്ട് അവർ ആർജ്ജവം കാണിച്ചില്ല. ഇവരുടെ മൗനാനുവാദത്തോടെയാണ് നേതാക്കൾ എല്ലാം പ്രസംഗം നടത്തിയത്. നിങ്ങൾ പറഞ്ഞോ എന്ന് പറഞ്ഞ് ഇളക്കിവിടുകയായിരുന്നു. ലീഗ് നേതൃത്വത്തിന് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കുമോ. ഇങ്ങനെയാണോ ഇവർ കേരള രാഷ്ട്രീയം കൈകാര്യം ചെയ്യാനിരിക്കുന്നത്. ഇവരുടെയൊക്കെ ചരിത്രം അറിയുന്നവർ ഇന്നും കേരളത്തിലുണ്ട്. ഞങ്ങളെ കൊണ്ട് അത് പറയിപ്പിക്കണോ. പറയില്ല. കാരണം ഞങ്ങളുടെ സംസ്‌കാരം അതിന് യോജിച്ചതല്ല. രാഷ്ട്രീയ വിഷയം എന്തും നമുക്ക് ചർച്ച ചെയ്യാം.''

''കോൺഗ്രസിന്റെ കാര്യമാണ് കഷ്ടം. ഏതെങ്കിലുമൊരു കോൺഗ്രസ് നേതാവ് ഇതിനെ അപലപിച്ചോ, ശരിയല്ലെന്ന് പറയാനുള്ള ആർജ്ജവം കാണിച്ചോ. കേരളത്തിലെ കോൺഗ്രസിനെ ഇപ്പോൾ നയിക്കുന്നത് മുസ്ലിംലീഗാണ്. അതുകൊണ്ടാണ് അവർ മൗനം പാലിക്കുന്നത്. കോൺഗ്രസിന് സീറ്റ് കിട്ടണമെങ്കിൽ ലീഗ് വേണം. മലബാറിൽ ലീഗ് ഇല്ലെങ്കിൽ കോൺഗ്രസിന് ഒരു സീറ്റും പോലും കിട്ടില്ല. ഈ ഭയം കാരണം ലീഗിന് വിധേയമായി കോൺഗ്രസ് മാറിയിരിക്കുകയാണ്. ആർഎസ്എസിനെ എതിർക്കാനും ലീഗിന് കഴിയുന്നില്ല.''