തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി വിദ്യാർത്ഥികൾ നടത്തി വരുന്ന സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു.

പിജി വിദ്യാർത്ഥികളുടെ സേവനം ഒരു മെഡിക്കൽ കോളേജിന്റെ സുഗമമായ പ്രവർത്തനത്തിന് അങ്ങേയറ്റം സഹായകമാണ്. റെസിഡൻസി സമ്പ്രദായം നിലവിൽ ഉള്ള കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ രോഗീപരിചരണം പിജി വിദ്യാർത്ഥികളുടെ പരിശീലനത്തിന്റെ ഭാഗമാണ്. പിജി വിദ്യാർത്ഥികളുടെ അഭാവം മൂലം രോഗീചികിത്സയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അമിതമായ ജോലിഭാരം പൂർണ്ണമായും ഏറ്റെടുക്കുവാൻ നിലവിൽ മെഡിക്കൽ കോളേജുകളിൽ ഉള്ള അദ്ധ്യാപകർക്ക് മാത്രമായി സാധ്യമല്ലെന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഡോ. ബിനോയ് എസും, സെക്രട്ടറി ഡോ. നിർമൽ ഭാസ്‌കറും പറഞ്ഞു.

കോവിഡ് മഹാമാരി മൂലം കേരളത്തിലെ ആരോഗ്യരംഗം ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്ത് സർക്കാർ മെഡിക്കൽ കോളേജുകളിലെ കോവിഡ്-കോവിഡിതര ചികിത്സ കഴിയുന്നത്ര തടസ്സങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പിജി വിദ്യാർത്ഥികൾ നിർണ്ണായകമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. രാവും പകലുമെന്ന ഭേദമില്ലാതെ സർക്കാരിനൊപ്പം നിന്ന് പൊതുജനങ്ങൾക്ക് മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പിജി വിദ്യാർത്ഥികളും നൽകിയിട്ടുള്ള സേവനം വിസ്മരിക്കാനാവാത്തതാണ്.

പിജി വിദ്യാർത്ഥികൾ സേവനത്തിന് ഇല്ലാത്ത സാഹചര്യത്തിൽ എല്ലാ വിഭാഗങ്ങളിലും രോഗീപരിചരണം സുഗമമായി നടത്തുന്നതിനുള്ള അനുപാതത്തിൽ ഡോക്ടർമാർ ഒരു മെഡിക്കൽ കോളേജുകളിലും ഇല്ലെന്നുള്ളതാണ് വസ്തുത. ഒരു ദിവസം 12 മണിക്കൂറിലധികവും, ഒരാഴ്ചയിൽ 48 മണിക്കൂറിൽ അധികവുമായി ജോലി ചെയ്യാൻ ഒരു ഫാക്കൽറ്റിയെയും നിർബന്ധിക്കരുതെന്നും കെജിഎംസിടിഎ പ്രിൻസിപ്പൽമാർക്കും, വകുപ്പ് തലവന്മാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. വിശ്രമം ഇല്ലാതെയുള്ള ജോലി രോഗീപരിചരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അതുമൂലം രോഗികൾക്കുണ്ടാകുന്ന എല്ലാ വിഷമതകൾക്കും ഉത്തരവാദി അത്തരത്തിൽ ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രിൻസിപ്പൽ മാത്രം ആയിരിക്കും എന്നും കെജിഎംസിടിഎ അറിയിച്ചു.

പിജി വിദ്യാർത്ഥികളുടെ സമരം ഇനിയും നീണ്ടുപോയാൽ രോഗീസേവനങ്ങൾ അത്യാഹിത വിഭാഗത്തിലേക്ക് മാത്രമായി ചുരുക്കപ്പെടാനും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും അനുബന്ധ ചികിത്സാ സംവിധാനങ്ങളും താമസിക്കാനും തടസ്സപ്പെടാനും സാധ്യതയുണ്ട്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് സർക്കാർ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ സമരം നീളുന്ന സാഹചര്യത്തിൽ എംബിബിഎസ് , പിജി-സൂപ്പർ സ്‌പെഷ്യൽറ്റി വിദ്യാർത്ഥികളുടെ അദ്ധ്യാപനം, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പരിശീലനം എന്നിവ മറ്റൊരു മുന്നറിയിപ്പില്ലാതെ നിർത്തിവെക്കേണ്ടി വരുമെന്നും സംഘടനാ അറിയിക്കുന്നു.

പിജി സമരവുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ സാധ്യതയുള്ള വിഷമതകളും അവ സാധാരണ ജനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകളും കെജിഎംസിടിഎ സർക്കാരിനെ അറിയിച്ചു. അതുകൊണ്ട് പിജി വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചു സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കെജിഎംസിടിഎ ഓർമ്മിപ്പിക്കുന്നു.