കോട്ടയം: നവജാത ശിശുവിനെ വെള്ളം നിറച്ച കന്നാസിലിട്ട് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായി ആശുപത്രിയിൽ കഴിയുന്ന അമ്മയെ ഇന്നു കോട്ടയം സബ് ജയിലിലേക്കു മാറ്റിയേക്കും. ആശുപത്രിയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഈ കേസിൽ അറസ്റ്റിലായ ഇവരുടെ മൂത്ത മകളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദ്ദേശപ്രകാരം കോഴിക്കോട് പെൺകുട്ടികൾക്കായുള്ള ഒബ്‌സർവേഷൻ കേന്ദ്രത്തിലാക്കി.

മരിച്ച കുഞ്ഞിന്റെ ഡിഎൻഎ പരിശോധനയും അന്വേഷണത്തിന്റെ ഭാഗമായി നടത്തുമെന്നു പൊലീസ് അറിയിച്ചു. പ്രസവ ശേഷമുണ്ടായ വിളർച്ചയും രക്തക്കുറവും മൂലമാണ് അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്താൽ സബ് ജയിലിലേക്കു മാറ്റുമെന്നും പൊലീസ് അറിയിച്ചു.

ഇടതു കാലിനു ശേഷിയില്ലാത്ത തനിക്ക് ആറാമതൊരു കുട്ടിയെ കൂടി വളർത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടും അപമാനവും ഭയന്നാണ് കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് അമ്മ നൽകിയ മൊഴി. ഞായറാഴ്ച രാത്രി ജനിച്ച കുഞ്ഞിനെ ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടത്. അഞ്ച് കുട്ടികളും അമ്മയും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. കുട്ടികളുടെ അച്ഛൻ പണിക്കു പോയിരുന്നു.

നവജാത ശിശുവിനെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ അമ്മയും മൂത്ത സഹോദരിയും പൊലീസ് കസ്റ്റഡിയിലേക്ക് പോകുമ്പോൾ അനാഥരാകുന്നത് ഒരു കൂരയ്ക്കു കീഴിൽ അച്ഛനും അമ്മയ്ക്കുമൊപ്പം കഴിഞ്ഞിരുന്ന 4 കുഞ്ഞുങ്ങളാണ്. അമ്മയെ സഹായിച്ചതിന് 15 വയസ്സുള്ള മകളെ ഇന്നലെ കേസിൽ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ ഹാജരാക്കിയ പെൺകുട്ടിയെ കോഴിക്കോട്ടെ പെൺകുട്ടികൾക്കായുള്ള ഒബ്സർവേഷൻ ഹോമിലേക്കു മാറ്റി.

ആറാമത്തെ കുഞ്ഞിനെ ജനിച്ചു മൂന്നാംദിവസം കന്നാസിലെ വെള്ളത്തിൽ മുക്കിക്കൊന്നതിനാണ് അമ്മയെ നേരത്തെ അറസ്റ്റ് ചെയ്തത്.അമ്മയുടെ നിർബന്ധ പ്രകാരമാണ് കുഞ്ഞിനെ കന്നാസിലെ വെള്ളത്തിൽ ഇട്ടതെന്നു പെൺകുട്ടി മൊഴി നൽകി. 'കുഞ്ഞിനെ വെള്ളത്തിൽ മുക്കാൻ അമ്മ ആവശ്യപ്പെട്ടു. അതു വേണോ അമ്മേ എന്നു പലപ്രാവശ്യം ചോദിച്ചു. കുഞ്ഞിനെ നീ വളർത്തുമോ എന്ന് അമ്മ തിരികെ ചോദിച്ചു' ഇതാണ് 10ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പൊലീസിനു നൽകിയ മൊഴി.

ഇടതുകാലിനു ശേഷിയില്ലാത്ത തനിക്ക് ആറാമതൊരു കുട്ടിയെ കൂടി വളർത്താനുള്ള സാമ്പത്തികം ബുദ്ധിമുട്ടും അപമാനവും ഭയന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് അമ്മ നൽകിയ മൊഴി. ഇവരുടെ രണ്ടാമത്തെ മകൻ അഞ്ചാം ക്ലാസിലും മൂന്നാമത്തെ മകൾ രണ്ടാം ക്ലാസിലും നാലാമത്തെ മകൾ എൽകെജിയിലുമാണു പഠിക്കുന്നത്. അഞ്ചാമത്തെ മകനു 2 വയസ്സാണ് പ്രായം. പെൺകുട്ടികൾ വണ്ടൻപതാലിലെ സംരക്ഷണ കേന്ദ്രത്തിലും മൂത്ത ആൺകുട്ടി ഇഞ്ചിയാനിലുള്ള സംരക്ഷണ കേന്ദ്രത്തിലും 2 വയസ്സുകാരൻ തോട്ടയ്ക്കാട്ടെ ശിശുഭവനിലുമാണ് ഇപ്പോഴുള്ളത്.

യുവതിക്ക് ഇടതു കാലിനു ശേഷിയില്ല. മൂത്ത മകളാണ് ഇളയവരെ പരിചരിക്കുന്നതടക്കം വീട്ടു ജോലികൾ ചെയ്തിരുന്നത്. ഒരു മുറിയും അടുക്കളയും ശുചിമുറിയും മാത്രമുള്ള വാടക വീട്ടിലായിരുന്നു ഇവർ 6 പേരും താമസം.കഴിഞ്ഞ എട്ടാം തീയതിയായിരുന്നു ദാരുണമായ സംഭവം.ക്രമരഹിതമായി ആർത്തവം ഉണ്ടാവുന്നതിനാൽ ഗർഭിണിയായെന്ന കാര്യം മാസങ്ങൾ കഴിഞ്ഞാണ് തിരിച്ചറിഞ്ഞതെന്നാണു യുവതിയുടെ മൊഴി.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2 മണിക്ക് വീട്ടിൽ വച്ചാണു പ്രസവിച്ചത്. അച്ഛൻ തന്നെ പൊക്കിൾക്കൊടി മുറിച്ചു. അമ്മ തന്നെയാണ് കുഞ്ഞിനെ കുളിപ്പിച്ചത്. ഒരേ മുറിയിൽ കിടന്ന മക്കൾ വീട്ടിൽ കുഞ്ഞുണ്ടായ വിവരം അറിയുന്നത് പിറ്റേന്നു രാവിലെയാണ്.അമ്മയും സഹോദരയും നിയമവഴിയിലേക്ക് പോവുകയും അച്ഛൻ മൂകസാക്ഷിയാവുകയും ചെയ്യുന്നതോടെ അനാഥരാകുന്നത് 4 കുരുന്നുകളാണ്.വക്കീൽ ഓഫിസിൽ ഗുമസ്തനായി ജോലി ചെയ്തിരുന്നയാളാണ് അച്ഛൻ. വീടു പുലർത്താൻ വരുമാനം തികയാതെ വന്നതോടെ കൂലിപ്പണിക്കു പോവുകയാണ്.