- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്തെ ബാലപീഡനം; ഇരയായ കുട്ടികളുടെ പ്രായവും രീതിയും ഞെട്ടിക്കുന്നത്
കണ്ണൂർ: കോവിഡ് കാലത്ത് കുട്ടികൾ വീട്ടിലിരിക്കുകയും പഠനം ഓൺലൈൻ ആകുകയും ചെയ്തതോടെ പീഡനങ്ങളുടെ എണ്ണവും കൂടി. പീഡിപ്പിക്കപ്പെട്ടവരിൽ നല്ലൊരു പങ്കും 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. ചൈൽഡ്ലൈനിന്റെ കണക്കുപ്രകാരം കണ്ണൂർ ജില്ലയിൽ 13-നും 16-നും ഇടയിലുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. 25-നും 35-നും ഇടയിലാണ് പീഡിപ്പിച്ചവരിൽ ഭൂരിഭാഗത്തിന്റെയും പ്രായം. കാസർകോട് ജില്ലയിൽ 36-49 വയസ്സുള്ളവരാണ് പീഡിപ്പിച്ചവരിൽ ഏറെ. 25-35 വയസ്സുള്ള 25 ശതമാനം പേരും ഉൾപ്പെട്ടു.
കോവിഡ് വ്യാപനം രൂക്ഷമായ 2020 ഏപ്രിൽ-2021 മാർച്ച് കാലയളവിൽ കണ്ണൂർ ജില്ലയിൽ 49 പീഡനങ്ങൾ ചൈൽഡ് ലൈൻ റിപ്പോർട്ട് ചെയ്തു. ഇതിൽ 59 ശതമാനം ആൺകുട്ടികളും 41 ശതമാനം പെൺകുട്ടികളുമാണ്. 26 ശതമാനം പേർ പീഡനം നടത്തിയത് ഇരയുടെ വീടിന്റെ പരിസരത്തുനിന്നാണ്. 22 ശതമാനം അയൽപക്കത്തുനിന്നും. 10 ശതമാനം പേർ പ്രണയം നടിച്ച് പീഡിപ്പിച്ചു. ലൈംഗികമായ കടന്നുകയറ്റമാണ് കൂടുതൽ റിപ്പോർട്ട് ചെയ്തത്- 46 ശതമാനം.
2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 33 കേസുകൾ ചൈൽഡ് ലൈൻ റിപ്പോർട്ട് ചെയ്തു. ഇരകളിൽ 67 ശതമാനവും പെൺകുട്ടികളാണ്. 33 ശതമാനം ആൺകുട്ടികൾ. പീഡിപ്പിച്ചവരിൽ 30 ശതമാനവും അയൽവാസികളാണ്. 18 ശതമാനം പ്രണയം നടിച്ച് പീഡിപ്പിച്ചു. ലൈംഗികപീഡനമാണ് കൂടുതൽ. 49 ശതമാനം.
കോവിഡ് കാലത്ത് കാസർകോട് ജില്ലയിൽ ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്ത 70 ശതമാനം കേസുകളിലും പെൺകുട്ടികളാണ് പീഡനം നേരിട്ടത്. 30 ശതമാനം ആൺകുട്ടികളും. ലൈംഗികമായ കടന്നുകയറ്റമാണ് കൂടുതൽ- 42 ശതമാനം. കുട്ടികൾക്കെതിരേ ലൈംഗികാതിക്രമങ്ങൾ കൂടുതലും നടന്നത് സമീപവീടുകളിൽനിന്നാണ്. പ്രണയവും ഇതിലുൾപ്പെടും. സ്വന്തം വീട്ടിനുള്ളിൽവെച്ച് അതിക്രമത്തിനിരയായവർ 32 ശതമാനം വരും. എട്ടുശതമാനംപേർ വീടിനുവെളിയിൽവച്ചാണ് ക്രൂരതയ്ക്കിരയായത്.