- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണ ഫ്രെയിം വെച്ച കണ്ണാടി മഹാത്മാഗാന്ധി ഉപയോഗിച്ചിട്ടുണ്ടോ? എം കെ എന്നെഴുതിയ കണ്ണാടി ഗാന്ധിയുടേതെന്ന് പറഞ്ഞ് ബ്രിട്ടനിൽ ലേലം ചെയ്യാൻ വച്ചിരിക്കുന്നത് പത്തു ലക്ഷം രൂപയ്ക്ക്; ഗാന്ധിയുടെ പേരിൽ തട്ടിപ്പെന്ന് ആരോപണവുമായി ഗാന്ധി ആരാധകർ; മറ്റൊരു മാവുങ്കൽ വെർഷനോ?
ഒരു കണ്ണടയുടെ വില 10,000 പൗണ്ട്(ഏതാണ്ട് പത്ത് ലക്ഷത്തിൽ അധികം രൂപ). ഇത്രയും വില വരാൻ കാരണം, ഇതുപോലൊരു മനുഷ്യൻ ഈ ഭൂമിയിൽ കൂടി നടന്നു പോയി എന്ന്വരും തലമുറ വിശ്വസിക്കില്ല എന്ന് ഐൻസ്റ്റീൻ പറഞ്ഞ മഹാത്മാ ഗാന്ധിയുടേതാണ് ആ കണ്ണട എന്നതിനാലാണ്. 10 കാരറ്റ് സ്വർണം പൂശിയ ഫ്രെയിമുള്ള ഈ കണ്ണട ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു പുരാവസ്തു വില്പനശാലയിൽ നിന്നാണത്രെ ഇത് ഇപ്പോൾ വിൽക്കാൻ വെച്ചിരിക്കുന്ന വ്യക്തിയുടെ പിതാവ് വാങ്ങിയത്. അതിൽ :1/20 10 എം കെ ഗാന്ധി'' എന്ന് എൻഗ്രേവ് ചെയ്തിരുന്നു. അന്ന് അത് വാങ്ങിയത് വെറും 5000 രൂപയ്ക്ക്, അതായത് കേവലം 50പൗണ്ടിന്.
ഗുജറാത്തിലെ പുരാവസ്തു വിൽപനക്കാരന് ഇംഗ്ലീഷ് അറിയാത്തതിനാൽ എൻഗ്രേവ് ചെയ്തതിന്റെ അർത്ഥം മനസ്സിലായില്ലത്രെ. അതുകൊണ്ടുതന്നെ അതിന്റെ പ്രാധാന്യവും മനസ്സിലാകാതെ പോയി അതുകൊണ്ടാണത്രെ ഇത്രയും വിലകുറച്ച് ലഭിച്ചത്. ഇത് വാങ്ങിയ ആളുടെ മകന്റെ കൈവശമാണ് ഇപ്പോൾ ഈ ഫ്രെയിം അയാളാണ് പ്രമുഖ ഓക്ഷണിയേഴ്സ് ആയ, കേംബ്രിഡ്ജ്ഷയർ, പീറ്റർബറോയിലെ വില്യം ജോർജ്ജ് വഴി ഇപ്പോൾ ലേലത്തിൽ വയ്ക്കുന്നത്.
സ്വാതന്ത്ര്യ സമരകാലത്ത് ഇടയ്ക്കിടെ തന്റെ കണ്ണട ആളുകൾക്ക് സമ്മാനമായി നൽകുന്ന പതിവ് ഗാന്ധിജിക്ക് ഉണ്ടായിരുന്നു. എന്നാൽ വളരെ വിരളമായി മാത്രമേ ഇത് വില്പനയ്ക്ക് എത്താറുള്ളു. ഇത്തരത്തിലുള്ള ഒരു കണ്ണട കഴിഞ്ഞവർഷം ബ്രിസ്റ്റോളിൽ വിറ്റുപോയത് 2,60,000 പൗണ്ടിനായിരുന്നു. ചില രത്നങ്ങൾക്കും ആഭരണങ്ങൾക്കും ഒപ്പം ഇതിന്റെ ഉടമസ്ഥന് അയാളുടെ പിതാവിൽ നിന്ന് പൈതൃക സ്വത്തായി ലഭിച്ചതാണ് ഈ കണ്ണടയുമെന്ന് വില്യം ജോർജ്ജ് വക്താവ് പറയുന്നു.
എന്നാൽ, ലാളിത്യത്തിന്റെ പര്യായമായ ഗാന്ധിജി ജീവിതത്തിൽ എപ്പോഴെങ്കിലും സ്വർണ്ണഫ്രെയിമുള്ള കണ്ണട ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ ഉന്നയിക്കുന്ന സംശയം. ആവശ്യത്തിൽ കവിഞ്ഞുള്ള വസ്ത്രധാരണം പോലും ഒഴിവാക്കിയ അർദ്ധ നഗ്‌നനായ ഫക്കീറിന് ഇത്തരത്തിലൊരു ആർഭാടം കാണിക്കാൻ കഴിയില്ല എന്നു തന്നെയാണ് അവർ ഉറച്ചു വിശ്വസിക്കുന്നത്. ഇന്നും പ്രസക്തമായ ആശയങ്ങളിലൂടെ ലോക ജനതയുടെ മനസ്സിൽ ജീവിക്കുന്ന ഗാന്ധിജിയുടെ പേർ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയാണോ എന്നുപോലും സംശയിക്കുന്നവരുണ്ട്.
സഹനം കൊണ്ടും നിരാഹാരം കൊണ്ടും സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ഇന്ത്യയിൽ നിന്നും കെട്ടുകെട്ടിച്ച ഗാന്ധിയൻ ആശയങ്ങൾക്ക് യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന ഇന്നത്തെ ലോകത്ത് ഏറെ പ്രസക്തിയുണ്ട്. അതുകൊണ്ടു തന്നെ ഗാന്ധിജിക്ക് എല്ലാ വിഭാഗക്കാരിലും ആരാധകരും ഏറെയാണ്. ഈ ജനപ്രീതി മുതലെടുക്കുകയാണോ ചിലരുടെ ലക്ഷ്യം എന്നാണ് ഗാന്ധിജിയുടെ ആരാധകർ ചോദിക്കുന്നത്. ഏതായാലും സംഭവം ഇപ്പോൾ വിവാദമായിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ