- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യുസിലാൻഡിലെ ഒരു വാക്സിൻ പ്രേമി ഒരൊറ്റദിവസം സ്വീകരിച്ചത് 10 ഡോസ് കോവിഡ് വാക്സിൻ! ഒൻപത് തവണയും സ്വീകരിച്ചത് വാക്സിൻ വിരുദ്ധരുടെ വിവരങ്ങൾ നൽകി; സ്വീകരിച്ചയാളുടെ ആരോഗ്യവും സ്വീകരിക്കാത്തവരുടെ സ്വാതന്ത്ര്യവും ചർച്ചയാകുമ്പോൾ
വാക്സിൻ വിരുദ്ധരുടെ പേരിൽ, അവരിൽ നിന്നും പണം വാങ്ങി ന്യുസിലാൻഡിലെ ഒരു വ്യക്തി എടുത്തത് 10 ഡോസ് കോവിഡ് വാക്സിനുകൾ. തിരിച്ചറിയാത്ത ഈ വ്യക്തി ഓരോ തവണയും വ്യത്യസ്ത രൂപത്തിലും പേരിലും ഡോക്ടർമാരെ സന്ദർശിച്ചായിരുന്നു വാക്സിൻ എടുത്തിരുന്നത്. യഥാർത്ഥ വ്യക്തിയുടെ വാക്സിനേഷൻ റെക്കോർഡുകൾ അപ്ഡേറ്റ് ചെയ്യുന്നതിനു മുൻപായി ഇയാൾക്ക് വാക്സിൻ നൽകുകയും ചെയ്തു. വാക്സിൻ എടുത്തവർക്ക് ലഭിക്കുന്ന ഇളവുകൾ ആസ്വദിക്കാനായി ഈ വ്യക്തിക്ക് പണം നൽകി സ്വന്തം പേരിൽ വാക്സിൻ എടുപ്പിക്കുകയായിരുന്നു എന്നാണ് അധികൃതർ പറയുന്നത്.
ചില സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനും അതുപോലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനും ന്യുസിലാൻഡിൽ കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാണ്. തികഞ്ഞ വിഢിത്തരമാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഓക്ക്ലാൻഡിലെ വാക്സിനോളജിസ്റ്റായ പ്രൊഫസർ ഹെലെൻ ഹാരിസ് പറയുന്നത്. സാധാരണ ഡോസ് എടുത്തവക്കാൾ ഭയാനകമായ രീതിയിൽ രോഗലക്ഷണങ്ങൾ ഇവർ പ്രകടിപ്പിക്കാൻ ഇടയുണ്ടെന്നും അവർ പറഞ്ഞു.
ആവശ്യത്തിലധികം കോവിഡ് വാക്സിനുകൾ എടുത്താൽ ശരീരത്തിലുണ്ടാകുന്ന പാർശ്വഫലങ്ങളെ കുറിച്ച് വളരെ കുറച്ച് വിവരം മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളു എങ്കിലും ആ വ്യക്തിക്ക് തൊട്ടടുത്ത ദിവസം ഏറെ പ്രയാസങ്ങൾ നേരിട്ടിട്ടുണ്ടാകും എന്നും അവർ പറയുന്നു. എന്നാൽ, സാധാരണ രണ്ട് ഡോസ് എടുത്തവരേക്കാൾ കൂടുതൽ സംരക്ഷണം ആ വ്യക്തിക്ക് കൊറോണയിൽ നിന്നുണ്ടാകുമെന്നും അവർ വ്യക്തമാക്കി.
പത്ത് വാക്സിനുകൾ എടുക്കാൻ ആ വ്യക്തിക്ക് എങ്ങനെ സാധിച്ചു എന്നതിനെ കുറിച്ച് അധികൃതർ അന്വേഷണം നടത്തുകയാണ്. എന്നാൽ, ആളുകളെ തിരിച്ചറിയുന്ന സംവിധാനം കൂടുതൽ സങ്കീർണ്ണമാക്കുന്നതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിർപ്പുമുണ്ട്. ഫോട്ടോ ഐ ഡി ഇല്ലാത്തവർക്ക് വാക്സിൻ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം എന്നാണ് അവർ ഭയപ്പെടുന്നത്. വീടുകൾ ഇല്ലാത്തവർ, ശാരീരിക അവശതകൾ അനുഭവിക്കുന്നവർ, പ്രായമായവർ എന്നീ വിഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള ഐഡി ഇല്ലാത്തവരിൽ ഏറെയും.
ഒക്ടോബർ മുതൽ ന്യുസിലാൻഡിൽ കോവിഡ് വ്യാപനതോത് വർദ്ധിച്ചുവരികയാണ്. അർഹതയുള്ളവരിൽ 94 ശതമാനം പേരും വാക്സിന്റെ ആദ്യ ഡോസ് എടുത്തുകഴിഞ്ഞു. 89 ശതമാനം പേർക്ക് രണ്ടാം ഡോസും ലഭിച്ചിട്ടുണ്ട്. രണ്ട് ഡോസുകളും സ്വീകരിച്ചവരിൽ 91 ശതമാനം പേരും ആസ്ട്രേലിയയുടെ വാക്സിനേഷൻ പാസ്സ്പോർട്ടിന് സമാനമായ മൈ വാക്സിൻ പാസ്സ് ഡൗൺലോഡ് ചെയ്തിട്ടുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ