കൊച്ചി: വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിലെത്തിയ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സ്രവ സാംപിളുകൾ ഓമിക്രോൺ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. നെതർലാൻഡ്സിൽ നിന്നെത്തിയ രണ്ട് സ്ത്രീകൾക്കും ഒരു പുരുഷനുമാണ് കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. ദുബായിൽ നിന്നെത്തിയ യാത്രക്കാരനും കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം നെടുമ്പാശേരിയിലെത്തിയ ഒരാൾക്ക് ഓമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്. ഇംഗ്ലണ്ടിൽ നിന്നെത്തിയ 39 കാരനായ എറണാകുളം സ്വദേശിക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്.

വിമാനത്താവളത്തിൽ പരിശോധിച്ചപ്പോൾ ഇയാൾക്ക് കോവിഡ് നെഗറ്റീവായിരുന്നു. ഹൈ റിസ്‌ക് രാജ്യത്ത് നിന്ന് വന്നതിനാൽ സ്രവം കൂടുതൽ പരിശോധനക്കായി അയച്ചു. തുടർന്നാണ് ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്.

രോഗിയുമായി സമ്പർക്കത്തിലുള്ള ഭാര്യക്കും അമ്മക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഓമിക്രോൺ പരിശോധനക്കായി ഇവരുടെ സാംപിളുകളും അയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തും ഓമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നിരീക്ഷണം കർശനമാക്കി. ഓമിക്രോൺ കണ്ടെത്തിയ യുവാവിനൊപ്പം സഞ്ചരിച്ച സഹയാത്രികരോട് ആർടിപിസിആർ ടെസ്റ്റ് നടത്താൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.