തിരുവനന്തപുരം: പിജി ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ച് ഐഎംഎ. തീരുമാനമുണ്ടായില്ലെങ്കിൽ ഐഎംഎ നോക്കിയിരിക്കില്ല. ആവശ്യമെങ്കിൽ സമരത്തിനിറങ്ങുമെന്നും ദേശീയ പ്രഡിഡന്റ് ഡോ ജെ എ ജയലാൽ പ്രതികരിച്ചു.

പീജി പ്രവേശനം വേഗം നടത്തുകയോ പകരം ഡോക്ടർമാരെ നിയമിക്കുകയോ വേണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ല. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണം. ചർച്ച ഇല്ലാത്തത്തിൽ പ്രതിഷേധം ഉണ്ടെന്നും ഐഎംഎ പറഞ്ഞു.

സമരം ചെയ്യുന്ന പിജി ഡോക്ടർമാരെ സർക്കാർ ചൊവ്വാഴ്ച ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. പിജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും പണിമുടക്കിയതോടെയാണ് ചർച്ചയില്ലെന്ന നിലപാടിൽ നിന്നും സർക്കാർ അയഞ്ഞത്. സമരം ശക്തമായതോടെ മെഡിക്കൽ കോളേജുകളിൽ രോഗികൾ ചികിത്സ കിട്ടാതെ ദുരിതത്തിലായി.

പിജി ഡോക്ടർമാരുടെ സമരം പതിമൂന്നാം ദിവസം പിന്നിടുമ്പോഴാണ് സർക്കാർ വീണ്ടും സമവായ നീക്കം നടത്തുന്നത്. പിജി ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ച് പണിമുടക്കിയ ഹൗസ് സർജന്മാരുമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടരി ചർച്ച നടത്തി. ആവശ്യങ്ങൾ മന്ത്രിയെ അറിയിക്കാമെന്ന് ഹൗസ് സർജന്മാർക്ക് സെക്രട്ടറി ഉറപ്പ് നൽകി. പിന്നാലെ പിജീ ഡോക്ടർമാരെ ചർച്ചക്ക് വിളിച്ചു.

പിജി ഡോക്ടർമാർക്ക് പിന്തുണയുമായി ഹൗസ് സർജന്മാർ കൂടി പണിമുടക്കിയതോടെ മെഡിക്കൽ കോളേജാശുപത്രിയിൽ രോഗികൾ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടി. അടിയന്തര ശസ്ത്രക്രിയകളും സ്‌കാനിംഗുകളും മുടങ്ങി. ദൂരസ്ഥലങ്ങളിൽ നിന്ന് വന്നവരടക്കം ദുരിതത്തിലായി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കെജിഎംസിടിഎ രണ്ട് മണിക്കൂർ നേരത്തേക്ക് ഒപിയിൽ നിന്ന് വിട്ടുനിന്നു. ജോലി ചെയ്യുന്ന ഡോക്ടർമാരുടെ സമയക്രമം പരമാവധി പുനക്രമീകരിച്ചിട്ടും കോഴിക്കോട്, തൃശ്ശൂർ, കോട്ടയം മെഡിക്കൽ കോളെുകളെ സമരം കാര്യമായി ബാധിച്ചു. കിടത്തി ചികിത്സയും ചിലയിടങ്ങളിൽ തടസ്സപ്പട്ടു. ആവശ്യത്തിന് നോൺ അക്കാദമിക് റസിഡന്റ് ഡോക്ടർമാരെ നിയമിക്കുക, സ്‌റ്റൈപൻഡ് വർധിപ്പിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.