- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ലാലുവിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകൾ അന്വേഷിക്കണം'; പ്രധാനമന്ത്രിക്കു പരാതി നൽകുമെന്ന് ഭാര്യാ സഹോദരൻ സാധു യാദവ്
പട്‌ന: ആർജെഡി നേതാവ് ലാലു യാദവിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുവകകളെ കുറിച്ച് അന്വേഷണം നടത്തണമെന്നു ലാലുവിന്റെ ഭാര്യാ സഹോദരനും ആർജെഡി മുൻ എംപിയുമായ സാധു യാദവ്. ഇക്കാര്യമുന്നയിച്ചു താൻ പ്രധാനമന്ത്രിക്കു പരാതി നൽകുമെന്നും സാധു യാദവ് അറിയിച്ചു.
ലാലു യാദവുമായി തെറ്റിപ്പിരിഞ്ഞ സാധു ഏറെക്കാലമായി വാർത്തകളിലില്ലായിരുന്നു. തേജസ്വി യാദവ് ക്രിസ്ത്യൻ യുവതിയെ വിവാഹം ചെയ്തതിനെ വിമർശിച്ചാണ് സാധു ആദ്യം രംഗത്തെത്തിയത്. ഇതേ തുടർന്നു ലാലുവിന്റെ മക്കളായ തേജ് പ്രതാപ് യാദവും രോഹിണി ആചാര്യയും സമൂഹ മാധ്യമങ്ങളിലൂടെ അമ്മാവനെ രൂക്ഷമായി ആക്രമിച്ചു. സാധു യാദവിനു കംസന്റെ ഗതിയുണ്ടാകുമെന്നും അവർ മുന്നറിയിപ്പു നൽകി.
പ്രകോപിതനായ സാധു, കുടുംബ രഹസ്യങ്ങൾ വിളിച്ചു പറഞ്ഞു തേജ് പ്രതാപിനെ കടന്നാക്രമിച്ചു. തേജ് പ്രതാപുമായി പ്രണയത്തിലായിരുന്ന കായസ്ത സമുദായക്കാരിയെ ലാലു യാദവ് അഞ്ചു കോടി രൂപ കൊടുത്തു പിന്തിരിപ്പിച്ചുവെന്നു സാധു വെളിപ്പെടുത്തി. യാദവ സമുദായത്തിൽ നിന്നുള്ളൊരു കാമുകിയും തേജ് പ്രതാപിനുണ്ടായിരുന്നുവെന്നു സാധു യാദവ് പറഞ്ഞു.
തനിക്കെതിരെ വിമർശനം തുടർന്നാൽ ലാലുവിന്റെയും മക്കളുടെയും രഹസ്യങ്ങളെല്ലാം പരസ്യമാക്കുമെന്നും സാധു മുന്നറിയിപ്പു നൽകി. തന്റെ പ്രതിഛായ തകർക്കുന്ന തരത്തിൽ 'ഗംഗാജൽ' സിനിമയെടുക്കാൻ പ്രകാശ് ഝായ്ക്കു ലാലു പണം നൽകിയെന്നും സാധു യാദവ് ആരോപിച്ചു.




