ആലം: അഭിവാദ്യം ചെയ്തില്ലെന്ന പേരിൽ ചാർമിനാർ എഐഎംഐഎം എംഎൽഎ മുംതാസ് അഹമ്മദ് ഖാൻ അയൽവാസിയെ മർദ്ദിച്ചെന്ന് പരാതി. ശനിയാഴ്ച രാത്രി പഞ്ച് മൊഹല്ലയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു.

പരാതിയിൽ എംഎൽഎയുടെ പേര് പരാമർശിക്കാതെ പരാതിക്കാരൻ ഗുലാം ഗൗസ് ജീലാനി (35) നൽകിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ ഹുസൈനി ആലം പൊലീസ് കേസെടുത്തു. എംഎൽഎയ്‌ക്കെതിരെ ഐപിസി സെക്ഷൻ 341, 323, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച രാത്രി ചാർമിനാർ ബസ് സ്റ്റാൻഡിലുള്ള വീടിന് പുറത്ത് ഇരിക്കുമ്പോൾ എംഎൽഎ തന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറുമായി വന്ന് 10- 15 തവണ തല്ലുകയായിരുന്നുവെന്ന് ജീലാനി ആരോപിച്ചു. എംഎൽഎയുടെ വീടിന് സമീപമാണ് താൻ താമസിക്കുന്നതെന്നും അഭിവാദ്യം ചെയ്യാത്തതിനാൽ പ്രകോപിതനായതിനെ തുടർന്നാണ് തല്ലിയെന്നും പരാതിക്കാരൻ പറഞ്ഞു.

തന്നെ അഭിവാദ്യം ചെയ്തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കഴിഞ്ഞ 25 വർഷമായി എംഎൽഎയായ തനിക്ക് എന്തും ചെയ്യാനുള്ള അധികാരമുണ്ടെന്നും എംഎൽഎ പറഞ്ഞതായി പരാതിയിൽ പറയുന്നു. നേരത്തെയും എംഎൽഎയുമായി തർക്കമുണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തിൽ നിന്ന് ഭീഷണിയുണ്ടെന്നും ജീലാനി പറയുന്നു.