റിയാദ്: വർഷങ്ങളായി ഭർത്താവ് ഉപേക്ഷിച്ച സൗദി സ്വദേശിനിയായ യുവതിക്ക് നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ വിവാഹമോചനം. ഇവരെ ഭർത്താവ് ഉപേക്ഷിച്ചിട്ട് ഏകദേശം 23 വർഷമായി. യുവതിക്ക് നാല് കുട്ടികളുണ്ടായതിന് ശേഷം ഭർത്താവ് തന്നെ ഉപേക്ഷിച്ചുവെന്ന് കാണിച്ച് യുവതി നൽകിയ കേസിലാണ് ഒടുവിൽ സൗദി തുറമുഖ നഗരമായ ജിദ്ദയിലെ പേഴ്സണൽ സ്റ്റാറ്റസ് കോടതി വിവാഹമോചന വിധി പുറപ്പെടുവിച്ചത്.

മാനസികവും ശാരീരികവും സാമൂഹികവുമായ നഷ്ടങ്ങൾ അനുഭവിക്കത്തക്കവിധം ഭർത്താവ് തന്നെ ദുരുപയോഗം ചെയ്യുകയും അവഗണിക്കുകയുമായിരുന്നുവെന്ന് പരാതിക്കാരി ആരോപിച്ചു. ഭർത്താവിന് നഷ്ടപരിഹാരം നൽകേണ്ടാത്ത വിധം വിവാഹബന്ധം വേർപ്പെടുത്തണമെന്നും പരാതിക്കാരി പറയുന്നു.

എന്നാൽ, ഭാര്യ തന്റെ വീട് വിട്ടുപോയെന്നും അവളുമായി കാര്യങ്ങൾ ഒത്തുതീർപ്പാൻ ശ്രമിച്ചുവെന്നുമാണ് ഭർത്താവിന്റെ വാദം. പല തവണ ഒത്തുതീർപ്പിന് ശ്രമിച്ചപ്പോഴും യുവതി നിരസിക്കുകയായിരുന്നുവെന്നും ഭർത്താവായിരുന്നയാൾ പറയുന്നത്.

തുടക്കത്തിൽ, ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനും അവരുടെ ദാമ്പത്യ ജീവിതം പഴയതു പോലെയാക്കാനുമായി കോടതി കേസ് അനുരഞ്ജന സമിതിക്ക് വിട്ടിരുന്നു. എന്നാൽ, യുവതി വിവാഹമോചനത്തിന് തന്നെ നിർബന്ധം പിടിക്കുകയായിരുന്നു. എന്നാൽ, 20,000 റിയാൽ വിലമതിക്കുന്ന ഫർണിച്ചർ ചെലവുകൾക്ക് പുറമേ സ്ത്രീധനമായി നൽകിയ 20,000 റിയാൽ തിരികെ നൽകിയാൽ വിവാഹമോചനത്തിന് താൻ തയ്യാറാണെന്നാണ് ഭർത്താവ് വ്യക്തമാക്കിയത്.

ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപദ്രവിക്കുകയും, ഉപേക്ഷിക്കുകയും ഭാര്യ വിവാഹ മോചനം തേടുകയും ചെയ്താൽ അതിനർത്ഥം അയാൾ അവളോട് അന്യായമായി പെരുമാറിയെന്നും അതുകൊണ്ട് തന്നെ സ്ത്രീധനം തിരിച്ചുപിടിക്കാൻ അവകാശമില്ലെന്നുമാണെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിന്റെ വാദം കോടതി തള്ളി.