കോഴിക്കോട്: വിദ്യാലയങ്ങളിൽ ജെന്റർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നതിനെതിരെ എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. പുരുഷാധിപത്യമനോഭാവവും കാപട്യം നിറഞ്ഞ ലിബറൽ വാദവും തന്നെയാണ് ഇത്തരത്തിലുള്ള അനാവശ്യപരിഷ്‌ക്കരണത്തിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ഫാത്തിമ തഹ്ലിയ പറയുന്നു.

ശിരോവസ്ത്രം ധരിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി കോടതിയെ സമീപിച്ചവരെയൊന്നും കാണാതെയാവില്ല ഈ ഉദ്യമത്തിന് സർക്കാർ തയ്യാറായത്. മറിച്ച് എല്ലാ കാലത്തും വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ് മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണിത്. 'ലിംഗസ്വത്വം' എന്നത് ജൈവികമാണെന്നും ഒരാളുടെ ലിംഗസ്വത്വത്തെ കണ്ടെടുക്കാനോ, രൂപപ്പെടുത്താനോ സാധ്യമല്ലെന്നും തഹ്ലിയ പറയുന്നു.

വിശ്വാസപരമായ വസ്ത്രധാരണങ്ങളും. ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികൾ നമ്മുടെ സ്‌ക്കൂളുകളിൽ പഠിക്കുന്നുണ്ട്. പുതിയ പരിഷ്‌ക്കരണങ്ങളിൽ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്ന് ചിന്തിക്കേണ്ടതില്ലല്ലോ എന്നും തഹ്ലിയ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ജനാധിപത്യരാജ്യത്ത് 'ജെന്റർ ന്യൂട്രൽ' എന്ന പദത്തിനെ നാം വായിക്കപ്പെടേണ്ടത് ലിംഗഭേദമന്യേ അവസരസമത്വവും ലിംഗനീതിയും നടപ്പാക്കുവാനുള്ള മാർഗമായിട്ടാണ്.

പരമ്പരാഗതമായി നിർവചിച്ചിട്ടുള്ള ലിംഗപരമായ റോളുകളോ, സ്റ്റീരിയോ ടൈപ്പുകളോ, മുൻവിധികളോ ഇല്ലാതെ ഏവർക്കും ജീവിക്കാനുള്ള അവസരമുണ്ടാകുക എന്നതാണ് ജന്റർ ന്യൂട്രാൽ കൊണ്ട് അർത്ഥമാക്കുന്നത്.അങ്ങനെയെങ്കിൽ എല്ലാവരും ഒരേ വസ്ത്രം ധരിച്ചാൽ ലിംഗനീതിയാവും എന്ന ആശയത്തെയാണ് താൻ ചോദ്യം ചെയ്യുന്നതെന്നും അവർ പറഞ്ഞു.

കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ യൂണിഫോമാക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഹരിത സംസ്ഥാന പ്രസിഡന്റ് പി.എച്ച് ആയിശ ബാനുവും പറഞ്ഞിരുന്നു.

ആൺകുട്ടികളും പെൺകുട്ടികളും ഒരേ രീതിയിൽ വസ്ത്രം ധരിക്കുകയും അതുവഴി ലിംഗസമത്വം ഉറപ്പാക്കാൻ സാധിക്കുമെന്നുമായിരുന്നു സർക്കാർ പറഞ്ഞത്. എന്നാൽ, സർക്കാർ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം അവതരിപ്പിച്ചത് മുതൽ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എതിർപ്പുകൾ ഉയർന്നുവന്നിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഹയർ സെക്കൻഡറി തലത്തിൽ ആദ്യമായി ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയിരിക്കുകയാണ് ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സക്കൻഡറി സ്‌കൂൾ. പ്ലസ് വൺ തലത്തിലാണ് ആദ്യമായി പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ ചില എൽ.പി. സ്‌കൂളുകളിൽ ഒറ്റ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. മുതിർന്ന കുട്ടികൾ പഠിക്കുന്ന ക്ലാസുകളിലും ഈ മാറ്റം കൊണ്ടുവരണമെന്ന സ്‌കൂളിലെ അദ്ധ്യാപകരുടെ നിർദ്ദേശത്തിന് പി.ടി.എ. പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.