പ്രേക്ഷകരിൽ ചിരിപടർത്തുകയാണ് നടൻ അജു വർഗീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചൊരു ചിത്രം. ഫോട്ടോയിൻ തനിക്കൊപ്പം നിൽക്കുന്ന വ്യക്തിയിലേക്കുള്ള അജുവിന്റെ നോട്ടം തന്നെയാണ് ഇതിനു കാരണം. ഫോട്ടോയിൽ അജുവിനൊപ്പമുള്ളത് ഇന്ത്യയുടെ വനിതാ വോളിബോൾ ടീം ക്യാപ്റ്റൻ മിനിമോൾ എബ്രഹാമും ധ്യാൻചന്ദ് പുരസ്‌കാര ജേതാവ് ബോക്‌സിങ് താരം കെ.സി. ലേഖയുമാണ്.

ഫോട്ടോയിൽ മിനിമോളിന്റെ ഉയരം കണ്ട് ആശ്ചര്യത്തോടെ നോക്കിനിൽക്കുകയാണ് അജു. രസകരമായ ഈ ചിത്രം അജു തന്നെ തന്റെ സോഷ്യൽ മീഡിയാ പേജിലൂടെ പുറത്ത് വിട്ടതോടെ അജുവിനെ ട്രോളി നിരവധി കമന്റുകളും ചിത്രത്തിനു ലഭിക്കുന്നു. 'നോക്കെത്താദൂരത്തു കണ്ണും നട്ട്' എന്നായിരുന്നു നടൻ ഷാജു ശ്രീധറിന്റെ കമന്റ്. പിന്നാലെ സഹതാരങ്ങളും പ്രേക്ഷകരും ഉൾപ്പടെ നിരവധിപേരാണ് അജുവിനെ ട്രോളി എത്തിയത്.

'ബുദ്ധിമാൻ, ആളുകൾ എടുത്തു ട്രോളാൻ തുടങ്ങുന്നതിനു മുൻപ് സ്വയം കീഴടങ്ങി' എന്ന് ഒരാൾ കുറിച്ചു. 'അതിനുമാത്രം പൊക്കമൊന്നുമില്ല, എന്നേക്കാൾ ഒരു നാലടി' എന്നായിരുന്നു മറ്റൊരു കമന്റ്.