കൊട്ടാരക്കര: കൊല്ലത്തെ വെട്ടിക്കവല സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലെ വാട്‌സാപ് ബംഗാൾ സ്വദേശിയുടെ പക്കൽ. വാട്‌സാപ് ഉപയോഗിച്ച് വിവരങ്ങൾ ദുരുപയോഗം ചെയ്തതോടെയാണ് വീട്ടമ്മ ഇക്കാര്യം അറിയുന്നത്. നടപടി ആവശ്യപ്പെട്ട് പരാതിയുമായി വീട്ടമ്മ സൈബർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി.

വാട്‌സാപ് സന്ദേശം എത്തിയ പലരും ഫോണിൽ ബന്ധപ്പെട്ടതോടെയാണ് വീട്ടമ്മ വിവരം അറിയുന്നത്. ഒരാഴ്ചയായി വാട്‌സാപ് നിർജീവമായിരുന്നു. വാട്‌സാപ് ഹാക്ക് ചെയ്ത സംഘം, വായ്പ കുടിശിക പിരിച്ചെടുക്കാൻ ഉപയോഗിച്ചതായാണ് വിവരം. പലർക്കും പണം ആവശ്യപ്പെട്ട് സന്ദേശം അയച്ചതിന് പിന്നാലെ നേരിട്ട് വിളിച്ച് ഇവർ കാര്യം തിരക്കിയതോടെയാണ് കള്ളത്തരം പുറത്തായത്.

നഷ്ടമായ വാട്‌സാപ് സൈബർ വീണ്ടെടുക്കുകയും തുടർ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആൻഡ്രോയ്ഡ് ഫോണുകൾ മറ്റാർക്കും നൽകുകയോ അജ്ഞാത വിളികളിൽ പ്രതികരിക്കുകയോ ചെയ്യരുതെന്ന് പൊലലീസ് അറിയിച്ചു.