- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വാട്ട്സ്ആപ്പിൽ വോയ്സ് റെക്കോർഡ് ഇടുന്നതിന് മുൻപ് കേട്ടശേഷം ഡിലിറ്റ് ചെയ്യാനും ഓപ്ഷൻ; ഹാൻഡ്ഫ്രീയായി റെക്കോർഡ് ചെയ്ത ശേഷം സ്റ്റോപ് ചെയ്ത് സെൻഡ് ചെയ്യണോ ഡിലീറ്റ് ചെയ്യണോ എന്ന് തീരുമാനിക്കാം; വാട്ട്സ്ആപിന്റെ ഏറ്റവും പുതിയ ഫീച്ചർ ഇങ്ങനെ
ഒരു നീണ്ടകഥയാണെങ്കിലും ഒരു അറിയിപ്പാണെങ്കിലും അത് കുത്തിയിരുന്ന് എഴുതി അയയ്ക്കുന്നതിനേക്കാൾ എളുപ്പമാണ് വാട്ട്സ്ആപ്പിൽ ഒരു ശബ്ദ സന്ദേശമായി അയയ്ക്കുക എന്നത്. ഇതുവരെയുള്ള സംവിധാനത്തിൽ നിങ്ങൾ സന്ദേശം റെക്കോർഡ് ചെയ്താൽ ഉടനെ അത് സ്വമേധയാ അത് ആർക്കാണോ അയയ്ക്കുന്നത് അയാൾക്ക് പോകുമായിരുന്നു. ഇത് പലപ്പോഴും അബദ്ധങ്ങൾക്കും അപകടങ്ങൾക്കും വഴിവെക്കാറുമുണ്ട്. പലപ്പോഴും തെറ്റുകൾ തിരുത്തി വീണ്ട്ം സന്ദേശം അയയ്ക്കേണ്ടതായും വരാറുണ്ട്.
എന്നാൽ ഇനി അതിന്റെ ആവശ്യം വരുന്നില്ല. നിങ്ങൾ റെക്കോർഡ് ചെയ്ത ശബ്ദസന്ദേശം അത് അയയ്ക്കുന്നതിനു മുൻപായി ഒന്നുകൂടി പരിശോധിക്കുവാനുള്ള വോയ്സ് മെസേജ് പ്രീവ്യു ടൂൾ വാട്ട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നു. ഈ പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് നിങ്ങൾ റെക്കോർഡ് ചെയ്ത ശബ്ദ സന്ദേശം അയയ്ക്കുന്നതിനു മുൻപായി നിങ്ങൾക്ക് വീണ്ടും ഒരിക്കൽ കൂടി പരിശോധിക്കാം. ഇത് തെറ്റുകൾ കൂടാതെ സന്ദേശമയയ്ക്കുവാൻ നിങ്ങളെ സഹായിക്കും.
2013-ലാണ് വാട്ട്സ്ആപ്പ് ശബ്ദസന്ദേശം എന്ന സൗകര്യം ഒരുക്കുന്നത്. അന്നു മുതൽ ലോകമാകെ തന്നെ വാട്ട്സ്ആപ്പിന്റെ ഏറ്റവും ജനപ്രിയ ഫീച്ചറായി ഇത് മാറിയിരുന്നു. എഴുതി അയയ്ക്കുന്നതിനേക്കാൾ എളുപ്പമാണ് എന്നതുമാത്രമല്ല, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമെല്ലാം പൂർണ്ണമായും വികാരങ്ങളും വിചാരങ്ങളും പങ്കുവയ്ക്കാനും ഇതുമൂലം കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത്. അതുകൊണ്ടു തന്നെയാണ് ഈ സംവിധാനം പെട്ടെന്ന് ജനപ്രീതി നേടിയതും.
എന്നാൽ, ഇതുവരെ ഇത്തരം സന്ദേശങ്ങൾ റെക്കോർഡ് ചെയ്താൽ ഉടൻ സ്വമേധയാ സെൻഡ് ചെയ്യപ്പെടുകയായിരുന്നു. അതുമൂലം പല തെറ്റുകളും അടങ്ങിയ സന്ദേശങ്ങളായിരുന്നു പലപ്പോഴും പോയ്ക്കൊണ്ടിരുന്നത്. ഇനി അത് സംഭവിക്കില്ല. ഈ സൗകര്യം ഉപയോഗിക്കുവാനായി നിങ്ങൾ സന്ദേശമയയ്ക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെയോ ഗ്രൂപ്പിന്റേയോ അക്കൗണ്ട് തുറന്ന് താഴെ വലതുഭാഗത്തുള്ള മൈക്രോഫോൺ ചിഹ്നത്തിൽ അമർത്തിപ്പിടിക്കുക. സംസാരിച്ചു തുടങ്ങുന്നതിനു മുൻപായി ഹാൻഡ് ഫ്രീ ആക്കുവാൻ സ്ലൈഡ് ചെയ്യുക.
സന്ദേശം റെക്കോർഡ് ചെയ്തുകഴിഞ്ഞാൽ ഉടൻ സ്റ്റോപ്പ് എന്നത് ടാപ് ചെയ്യുക. അതിനുശേഷം പ്ലേ ടു ലിസൺ എന്നത് ടാപ്പ് ചെയ്യുക. ഒരു സന്ദേശത്തിന്റെ ഏതു ഭാഗത്തുനിന്നും നിങ്ങൾക്ക് ഇത്തരത്തിൽ ടാപ്പ് ചെയ്ത്, ആ ടൈം സ്ട്രാപ്പിൽ റെക്കൊർഡ് ചെയ്ത സന്ദേശം കേൾക്കാനാകും. അതിനുശേഷം നിങ്ങൾക്ക് ആ സന്ദേശം നീക്കം ചെയ്യണമെങ്കിൽ ട്രാഷ് എന്നതിൽ ടാപ്പ് ചെയ്യുക, അതല്ല അത് അയയ്ക്കുവാനാണെങ്കിൽ സെൻഡ് എന്നതിൽ ടാപ് ചെയ്യുക.
സന്ദേശങ്ങൾ സ്വമേധയാ അപ്രത്യക്ഷമാകുന്ന ഫീച്ചർ പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ ഈ പുതിയ ഫീച്ചറും വാട്ട്സ്ആപ്പ് പുറത്തിറക്കുന്നത്. ഡിസപ്പിയറിങ് മെസേജസ് എന്ന ഫീച്ചർ ഓൺ ആക്കിയാൽ, ഉപയോക്താവ് ക്രമീകരിച്ചിരിക്കുന്ന സമയപരിധി കഴിഞ്ഞാൽ എല്ലാ പുതിയ സന്ദേശങ്ങളും സ്വമേധയാ നീക്കം ചെയ്യപ്പെടും. കാണുവാനോ കേൾക്കുവാനോ ഇഷ്ടപ്പെടാത്ത സന്ദേശങ്ങൾ എല്ലാം ഇത്തരത്തിൽ നീക്കം ചെയ്യാവുന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ