കൊച്ചി: ലൈംഗികാതിക്രമം നേരിട്ടതിനെ തുടർന്നു സ്‌കൂളിൽ നിന്നു മാറ്റം വാങ്ങിപ്പോയ പതിനേഴുകാരിക്കു പുതിയ സ്‌കൂളിൽ ആരുടെയും ശല്യമില്ലാതെ പഠനം തുടരാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യം ജില്ലാ പൊലീസ് മേധാവി ഉറപ്പു വരുത്തണം. അതേസമയം പെൺകുട്ടി അപേക്ഷിച്ച ഹയർ സെക്കൻഡറി സ്‌കൂളിൽ അധിക സീറ്റ് അനുവദിച്ചു പ്രവേശനം നൽകിയതായി സർക്കാർ അറിയിച്ചതിനെ തുടർന്നു ഹർജി തീർപ്പാക്കി.

പഠനം തുടരാൻ സ്‌കൂൾ മാറ്റത്തിന് അപേക്ഷിച്ചെങ്കിലും പ്രവേശനം നൽകുന്നില്ലെന്ന് ആരോപിച്ചു പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയാണു ജസ്റ്റിസ് രാജ വിജയരാഘവൻ പരിഗണിച്ചത്. തിരുവനന്തപുരം ജില്ലയിലെ ചിൽഡ്രൻസ് ഹോമിൽ കഴിഞ്ഞിരുന്ന കുട്ടിയെ ഒന്നാം വർഷ പരീക്ഷയ്ക്കു തയ്യാറെടുക്കുന്നതിനിടെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി ആരോപിച്ചു പോക്‌സോ കേസ് നിലവിലുണ്ട്. കുട്ടിയെ മറ്റൊരു ചിൽഡ്രൻസ് ഹോമിലേക്കു മാറ്റി. അതിനടുത്തുള്ള സർക്കാർ സ്‌കൂളിൽ പ്രവേശനം നൽകുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഹർജി.

പോക്‌സോ കേസിലെ പ്രതിക്കു ജുവനൈൽ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതിയും കൂട്ടാളികളും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഭീഷണി തുടരുകയാണെന്നു ഹർജിക്കാരി ആരോപിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ച് ഓൺലൈനിലും മറ്റുമായി ഭീഷണിപ്പെടുത്തുകയാണെന്നു പരാതി ഉണ്ടെങ്കിൽ ജില്ലാ പൊലീസ് മേധാവിയെ സമീപിക്കാവുന്നതാണെന്നു കോടതി പറഞ്ഞു. പരാതി കിട്ടിയാൽ പൊലീസ് സുരക്ഷ ഉറപ്പാക്കണം. പരാതിയെക്കുറിച്ചു കേസ് അന്വേഷണ ഉദ്യോഗസ്ഥനെ വിവരം അറിയിച്ച് ജാമ്യവ്യവസ്ഥയുടെ ലംഘനം ശ്രദ്ധയിൽപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.