തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ സർവീസ് പെൻഷൻകാർക്കു മാതാപിതാക്കളെയും മക്കളെയും ആശ്രിതരായി ചേർക്കാൻ കഴിയുമോയെന്നു മന്ത്രിസഭ ഇന്ന് തീരുമാനിക്കും. ഇതു സംബന്ധിച്ച ഫയൽ ധനവകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു. നിലവിൽ സർക്കാർ ജീവനക്കാർക്കു മാതാപിതാക്കളെയും 25 വയസ്സ് വരെയുള്ള മക്കളെയും ആശ്രിതരായി മെഡിസെപ്പിൽ ഉൾപ്പെടുത്താം. ഈ സൗകര്യം പെൻഷൻകാർക്കു നൽകിയിട്ടില്ല. ഇതിനെതിരെ പെൻഷൻകാർ രംഗത്ത് വന്നിരുന്നു.

കേരള സേവനചട്ടത്തിൽ പെൻഷൻകാരുടെ സ്വാഭാവിക ആശ്രിതരെന്നാൽ ജീവിത പങ്കാളി മാത്രമാണെന്നു ചൂണ്ടിക്കാട്ടിയാണിത്. എന്നാൽ, വിവാഹം കഴിക്കാത്ത പെൺമക്കളെയും ഭിന്നശേഷിക്കാരായ മക്കളെയും മറ്റു വരുമാനമില്ലാത്ത മാതാപിതാക്കളെയും അപേക്ഷയുടെ അടിസ്ഥാനത്തിൽ ആശ്രിതരായി അംഗീകരിക്കാറുണ്ടെന്നു പെൻഷൻകാർ ചൂണ്ടിക്കാട്ടുന്നു. സേവന ചട്ടം അനുസരിച്ചാണ് ആശ്രിതരെ ഒഴിവാക്കാൻ തീരുമാനിച്ചതെങ്കിൽ എന്തുകൊണ്ട് ഇവരെ ഒഴിവാക്കിയെന്നും അവർ ആരായുന്നു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രതിമാസ പ്രീമിയം ഒന്നാണ് 500 രൂപ.

മെഡിസെപ്പിലേക്ക് മുൻപ് അപേക്ഷിച്ചിട്ടില്ലാത്തവരും മുൻപ് നൽകിയ വിവരങ്ങൾ തിരുത്തേണ്ടവരും അപേക്ഷ നൽകാനുള്ള അവസാന തീയതി ഇന്നാണ്. വർഷം 3 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്. ഓറിയന്റൽ ഇൻഷുറൻസുമായി ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.