രേ വ്യക്തിയെ ഓമിക്രോണും ഡെൽറ്റയും ഒരേസമയം ബാധിച്ചാൽ ഒരുപക്ഷെ ഇവയുടെ സങ്കലനത്തിലൂടെ ഒരു സൂപ്പർവകഭേദം ഉരുത്തിരിയാൻ സാദ്ധ്യതയുണ്ടെന്ന് വാക്സിൻ നിർമ്മാതാക്കളായ മൊഡേണയുടേ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പോൾ ബർട്ടൻ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി ഒരു വ്യക്തിയെ ഏതെങ്കിലും ഒരു വകഭേദം മാത്രമേ ബാധിക്കുകയുള്ളു. എന്നാൽ, വളരെ വിരളമായിട്ടാണെങ്കിൽ കൂടി രണ്ട് വകഭേദങ്ങൾ ഒരേസമയം ബാധിക്കുവാനുള്ള സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ ഒരേസമയം ബാധിക്കുന്ന രണ്ട് വകഭേദങ്ങൾ ഒരേ കോശത്തിൽ എത്തുകയാണെങ്കിൽ ഇവയുടെ ഡി എൻ എ സങ്കലനം ചെയ്ത് പുതിയൊരു വകഭേദം ഉണ്ടാകാൻ സാദ്ധ്യത വളരെ കൂടുതലാണ്.

ബ്രിട്ടനിൽ ഇപ്പോൾ ഈ രണ്ട് വകഭേദങ്ങളും വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ഇത് സംഭവിക്കാമെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടീഷ് പാർലമെന്റിലെ സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റി അംഗങ്ങളായ എം പിമാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് തീർച്ചയായും സംഭവിക്കാൻ സാധ്യതയുള്ള പ്രതിഭാസമാണെന്നും അങ്ങനെ സംഭവിച്ചാൽ ഉണ്ടാകുന്ന വകഭേദം വലിയ അപകടകാരിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ശാസ്ത്ര ഭാഷയിൽ റീകൊമ്പിനേഷൻ ഇവന്റ് എന്നറിയപ്പെടുന്ന ഇത്തരം പ്രതിഭാസം സാദ്ധ്യമാണെന്ന് ഗവേഷകരും സമ്മതിക്കുന്നു. എന്നാൽ, വളരെ നിശ്ചിതമായ സാഹചര്യത്തിലും നിയന്ത്രണാതീതമായ ഒട്ടനവധി പ്രതിഭാസങ്ങളുടെ യദൃശ്ചികമായ ഒത്തുചേരലിലും മാത്രമെ ഇത് സംഭവിക്കുകയുള്ളു എന്ന് അവർ പറയുന്നു. ഇതുവരെ ഇത്തരത്തിൽ ജീനുകൾ പരസ്പരം പങ്കിട്ടുണ്ടായ മൂന്ന് കൊറോണ വകഭേദങ്ങൾ മാത്രമെ കണ്ടെത്തിയിട്ടുള്ളു. അതിനുപകരം വൈറസ് ക്രമരഹിതമായ മ്യുട്ടേഷനുകളിലൂടെ കൂടുതൽ വകഭേദങ്ങളെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

ഡെൽറ്റ വൈറസ് പടർന്ന് പിടിക്കുന്ന ആദ്യനാളുകളിൽ ലോകമെങ്ങും വ്യാപിച്ചിരുന്നത് ആൽഫ വകഭേദമായിരുന്നു. ഇവ രണ്ടും ഒരുമിച്ചു പടർന്നപ്പോൾ ഇത്തരത്തിലുള്ള പ്രതിഭാസത്തിലൂടെ പുതിയൊരു വകഭേദം ആവിർഭവിച്ചില്ല. രാജ്യത്ത് സാന്നിദ്ധ്യം കണ്ടെത്തി രണ്ടാഴ്‌ച്ച കഴിഞ്ഞപ്പോൾ തന്നെ ഓമിക്രോൺ ലണ്ടൻ നഗരത്തിൽ പരക്കെ പടർന്നിരിക്കുന്നു. പുതുവത്സരമാകുമ്പോഴേക്കും ബ്രിട്ടനിലെ പ്രധാന വകഭേദം ഓമിക്രോണായി മാറുമെന്നാണ് വിദഗ്ദർ പറയുന്നത്.

വൈറസുകളുടെ സങ്കലനം നടക്കുന്നതെങ്ങനെ?

രണ്ട് വ്യത്യസ്ത വൈറസുകൾ സങ്കലനം നടത്തി പുതിയൊരു വകഭേദം ഉണ്ടാകണമെങ്കിൽ ഒരു വ്യക്തിക്ക് ഈ രണ്ട് വ്യത്യസ്ത വകഭേദങ്ങളും വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നും ബാധിച്ചിരിക്കണം. അതും, ഒരേസമയം ബാധിക്കണം. ഒരിക്കൽ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ മനുഷ്യകോശങ്ങൾ അതുപോലെ നിരവധി വൈറസുകളെ സൃഷ്ടിക്കാൻ പ്രേരിപ്പിച്ചുകൊണ്ടാണ് ഇവ പടരുന്നത്.

കൊറോണ രൂപപ്പെട്ടിരിക്കുന്നത് ആർ എൻ എ എന്ന ജനിതകഘടകത്താലാണ്. അതുകൊണ്ടു തന്നെ കൊറോണയുടെ ആർ എൻ എ യുടെ ഘടന മനസ്സിലാക്കാൻ അത് മനുഷ്യകോശങ്ങളെ പ്രേരിപ്പിക്കുന്നു. പിന്നീടാണ് അതിന്റെ പകർപ്പുകൾ തയ്യാറാക്കുന്നത്. ഇങ്ങനെയുള്ള പ്രക്രിയയിൽ ധാരാളം തെറ്റുകൾ സംഭവിക്കാം. ഒന്നാമത് ഇത് വളരെ വേഗത്തിൽ നടക്കുന്ന ഒരു പ്രക്രിയയാണ് മാത്രമല്ല ഏതൊരു സ്വാഭാവിക പ്രക്രിയയിലും തെറ്റുകൾ വരാനുള്ള സാധ്യത കൂടുതലുമാണ്.

രണ്ടു വൈറസുകളും ശരീരത്തിനുള്ളിൽ ഒരേ കോശത്തിൽ എത്തിയാൽ, ആ കോശം രണ്ട് വകഭേദങ്ങളേയും പുനരുദ്പാദനം ചെയ്യും. ഇങ്ങനെ സംഭവിക്കുമ്പോഴാണ് രണ്ട് വകഭേദങ്ങളുടെയും ആർ എൻ എ കൾ തമ്മിൽ സങ്കലനം നടത്തുവാനുള്ള സാധ്യത. അതായത്, രണ്ട് കുത്ത് ചീട്ട് എടുത്ത് നിലത്ത് വിതറി പിന്നീട് അത് വാരിയെടുക്കുമ്പോൾ രണ്ട് കുത്തുകളിലേയും കാർഡുകൾ തമ്മിൽ കൂടിച്ചേരാൻ സാധ്യതയുള്ളതുപോലെ ഈ ആർ എൻ എ കൾ തമ്മിൽ കൂടിച്ചേരാനും സാധ്യത കൂടുതലാണ്.

ലോകത്തിന്റെ ഏത് ഭാഗത്തായാലും ഏതെങ്കിലും ഒരു വകഭേദമായിരിക്കും പ്രധാനമായി ഉണ്ടാവുക. അതുകൊണ്ടു തന്നെ രണ്ട് വ്യത്യസ്ത വകഭേദങ്ങൾ ഒരേ വ്യക്തിയിൽ ബാധിക്കുവാനുള്ള സാദ്ധ്യത തുലോം കുറവാണ്. മാത്രമല്ല, ആരോഗ്യമുള്ള വ്യക്തികൾക്ക് വൈറസ് ബാധിച്ചാൽ അതിനെതിരെ പ്രതിരോധ സംവിധാനം സജീവമാക്കുവാൻ കേവലം രണ്ടാഴ്‌ച്ചക്കാലം മതിയാകും. അതുകൊണ്ടു തന്നെ രണ്ടാമത്തെ വകഭേദം ശരീരത്തിൽ പടരാൻ തുടങ്ങുമ്പോഴേക്കും ആദ്യത്തെ വകഭേദത്തെ ശരീരത്തിന്റെ പ്രതിരോധശേഷി നിർവീര്യമാക്കിയിരിക്കും.

എന്നാൽ, ഇപ്പോൾ ബ്രിട്ടനിലും അമേരിക്കയിലുമൊക്കെ സംഭവിക്കുന്നതുപോലെ രണ്ട് വ്യത്യസ്ത വകഭേദങ്ങൾ ഒരുപോലെ വ്യാപിക്കുന്ന സാഹചര്യത്തിൽ രണ്ട് വകഭേദങ്ങളും ഒരേസമയം ബാധിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ വരുമ്പോൾ രണ്ടമത്തേതിന്റെ വ്യാപനത്തിനു മുൻപായി ആദ്യ വകഭേദത്തെ നിർവീര്യമാക്കാൻ കഴിയില്ല. അപ്പോഴാണ് ഇവയുടെ ആർ എൻ എ കൾ തമ്മിൽ സങ്കലനം ചെയ്ത് പുതിയ വകഭേദം ഉണ്ടാകുന്നത്.