തിരുവനന്തപുരം : സ്‌കൂളുകളിലെ യൂണിഫോം സംബന്ധിച്ച് ലിംഗ തുല്യതയുമായി ബന്ധപ്പെട്ട ആശയങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. എറണാംകുളം വളയൻ ചിറങ്ങര ഗവർമെന്റ് എൽ പി സ്‌കൂളിൽ പൊതുസമ്മതത്തോടെ കൈക്കൊണ്ട യൂണിഫോം സംബന്ധിച്ച തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്തതാണ്. ബാലുശ്ശേരി ഗവർമെന്റ് ഗേൾസ് എച്ച് എസ് എസിലും പൊതുതീരുമാനപ്രകാരമുള്ള നടപടിയെ സ്വാഗതം ചെയ്യുന്നു.

മാറുന്ന ലോകത്തിന് അനുസരിച്ച് വിദ്യാഭ്യാസ ക്രമത്തിലും മാറ്റം വരേണ്ടതുണ്ട്. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ലിംഗ സമത്വം, ലിംഗനീതി, ലിംഗാവബോധം എന്നിവ മുൻനിർത്തി ടെക്സ്റ്റ് ബുക്കുകൾ ഓഡിറ്റ് ചെയ്യപ്പെടുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സമൂഹത്തിന്റെ പുരോഗമനപരമായ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മാത്രമേ വിദ്യാഭ്യാസ പ്രക്രിയക്കും മുന്നോട്ടുപോകാൻ ആകൂ. എന്നാൽ ഒന്നും അടിച്ചേൽപ്പിക്കുക അല്ല നയം. ഇക്കാര്യത്തിൽ ആരെയും നിർബന്ധിക്കുന്നില്ല. സമൂഹം ഇക്കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്യട്ടെ.ക്രിയാത്മകമായ ചർച്ചകളും പുരോഗമനപരമായ ചിന്തകളും സമൂഹത്തെ മുന്നോട്ട് നയിക്കുകയേ ഉള്ളൂവെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി