തിരുവനന്തപുരം: ബാലുശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടപ്പിലാക്കിയ ജൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.

പുരുഷൻ, സ്ത്രീ, ട്രാൻസ്‌ജെൻഡർ, ട്രാൻസ് സെക്ഷ്വൽ അടക്കമുള്ള ലിംഗ പദവികൾ ദൈനംദിന വ്യവഹാരത്തിൽ ഇടപെടുന്ന കാലത്ത് വിദ്യാർത്ഥികൾക്ക് ഒരുപോലെ സൗകര്യപ്രദമായ വസ്ത്രം യൂണിഫോമായി നൽകുക എന്നത് പ്രശംസനീയമായ കാര്യമാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

കേരളത്തിൽ പൊലീസ് സേനയിലെ പുരുഷന്മാരുടേയും, സ്ത്രീകളുടെ യൂണിഫോം സൗകര്യപ്രദമായി പരിഷ്‌കരിച്ചിട്ടുണ്ട്. പാന്റ്സും ഷർട്ടും അടങ്ങുന്ന ജെന്റർ ന്യൂട്രൽ യൂണിഫോം മത വിരുദ്ധമാണെന്നും കുട്ടികളുടെ അവകാശങ്ങൾക്ക് വിരുദ്ധമാണെന്നുമുള്ള പ്രചരണം നിക്ഷിപ്ത താൽപര്യങ്ങളുടേതാണ്.

സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ ഇതേ രീതിയിലുള്ള യൂണിഫോമുകൾ ഉപയോഗിക്കുന്നുണ്ട്. ഈ മാറ്റം വിദ്യാർത്ഥി കൾക്ക് ഏറെ സൗകര്യപ്രദമായെന്നതിന്റെ തെളിവാണ് വാർത്താ ചാനലുകളിൽ കണ്ട വിദ്യാർത്ഥിനികളുടെ പ്രതികരണങ്ങൾ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയത്തെ ഡി. വൈഎഫ്ഐ സ്വാഗതം ചെയ്യുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.