ന്യൂഡൽഹി: ലഖിംപുർ ഖേരി കൂട്ടക്കൊല കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയെക്കുറിച്ചു ചോദിച്ചതിനു മാധ്യമപ്രവർത്തകനെതിരെ കയ്യേറ്റശ്രമവുമായി കേന്ദ്രമന്ത്രി അജയ് മിശ്ര. മകനെക്കുറിച്ചുള്ള ചോദ്യത്തിന് അജയ് മിശ്ര മാധ്യമപ്രവർത്തകനോടു തട്ടിക്കയറുകയും ഷർട്ടിന്റെ കോളറിൽ കയറിപ്പിടിക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോദൃശ്യങ്ങൾ പുറത്തുവന്നു.

ഇതിനുപിന്നാലെ അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തിപ്പെടുത്തി. വിഷയത്തിൽ രാഹുൽ ഗാന്ധിയും കൊടിക്കുന്നിൽ സുരേഷും അടിയന്തരപ്രമേയ നോട്ടിസ് നൽകി. വിഷയം ശൂന്യവേളയിൽ ഉന്നയിക്കാമെന്ന് സ്പീക്കർ നിലപാടെടുത്തു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ സഭ തടസ്സപ്പെട്ടു.

മാസ്‌ക് ധരിക്കാതെ മുദ്രാവാക്യം വിളിച്ച് സഭയിലെ മറ്റു അംഗങ്ങളുടെ ജീവന് അപകടത്തിലാക്കുകയാണെന്ന് പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി. ചർച്ച അനുവദിക്കാതിരുന്നത് ശരിയല്ലെന്ന് രാഹുൽ പ്രതികരിച്ചു.

ഇതിനിടെ, യുപിയിലുള്ള അജയ് മിശ്രയോട് ഡൽഹിയിലെത്താൻ ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു. ആശിഷ് മിശ്ര ഉൾപ്പെടെ 13 പ്രതികൾക്കെതിരെ വധശ്രമം, മാരകായുധം കൊണ്ട് ഗുരുതരമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.