തിരുവനന്തപുരം : ബാലുശ്ശേരി ഹയർ സെക്കന്ററി സ്‌കൂളിൽ നടപ്പിലാക്കിയ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയത്തെ പിന്തുണച്ച് നടൻ ഹരീഷ് പേരടി. ഇത് കലക്കി ആശംസകൾ. പക്ഷേ ഈ ആശംസകൾ പിൻവലിക്കേണ്ടി വരുമോ എന്നും ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു.

മതവർഗീയതക്ക് ഹാലിളകിയിട്ടുണ്ട്. വോട്ട് ബാങ്കാണ്, വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മൾക്ക് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. സ്‌കൂൾ കുട്ടികൾ കളിച്ച കിത്താബ് നാടകത്തിന്റെ പരിണാമഗുപതി നമ്മൾ കണ്ടതാണല്ലോ. എന്തായാലും പെൺകുട്ടികൾ പാന്റ്‌സിടട്ടെ, അഭിവാദ്യങ്ങൾ' ഹരീഷ് പേരടി പറഞ്ഞു.

ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ ഹയർ സെക്കൻഡറി സ്‌കൂളാണ് ബാലുശേരി ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂൾ.

പുതിയ യൂണിഫോമായ പാന്റും ഷർട്ടും അണിഞ്ഞാണ് ചൊവ്വാഴ്ച വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയത്. യൂണിഫോം ഏകീകരണത്തിൽ വിദ്യാർത്ഥികൾ സ്‌കൂൾ പി.ടി.എയുടെയും അദ്ധ്യാപകരുടെയും തീരുമാനത്തെ പൂർണമായി സ്വാഗതം ചെയ്തിട്ടുണ്ട്. ഒന്നാം വർഷ ബാച്ചിലെ 200 പെൺകുട്ടികളും 60 ആൺകുട്ടികളുമാണ് പുതിയ യൂണിഫോം ധരിച്ചെത്തിയത്.