ചണ്ഡിഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ മുന്നേറുന്നതിനിടെ കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു ട്വിറ്ററിൽ പങ്കുവച്ച ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പുതിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.

'പിക്ചർ ലോഡഡ് വിത്ത് പോസിബിലിറ്റീസ്' (ഒരുപാട് സാധ്യതകൾ നിറഞ്ഞ ചിത്രം) എന്ന കുറിപ്പോടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനൊപ്പമുള്ള ചിത്രമാണ് സിദ്ദു പങ്കുവച്ചത്.

അടുത്ത വർഷം പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹർഭജൻ സിങ് കോൺഗ്രസിലേക്ക് എത്തുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. നിമിഷനേരം കൊണ്ടാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായത്.

തിരഞ്ഞെടുപ്പിന് മുൻപായി ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്ങിനെയും യുവരാജ് സിങ്ങിനെയും പാർട്ടിയിലേക്ക് കൊണ്ടുവരാൻ ബിജെപി ശ്രമം തുടങ്ങിയതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ' വ്യാജ വാർത്തകൾ' എന്നാണ് ഹർഭജൻ സിങ് ഇതിനോട് പ്രതികരിച്ചത്. അതിനുശേഷമാണ് പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിങ്ങുമൊത്തുള്ള ഹർഭജന്റെ ചിത്രം പുറത്തുവന്നത്.

രണ്ടാഴ്ചയ്ക്കു മുൻപാണ് പഞ്ചാബ് ഗായകൻ ശുഭ്ദീപ് സിങ് സിദ്ദു കോൺഗ്രസിൽ ചേർന്നത്. കൂടാതെ എംഎൽഎമാർ ഉൾപ്പെടെ നിരവധി എഎപി നേതാക്കളും കോൺഗ്രസിലേക്ക് എത്തിയിരുന്നു. ക്രിക്കറ്റ് താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം രാജ്യത്ത് പുതുമയുള്ള കാര്യമല്ല. സിദ്ദുവും ഗൗതം ഗംഭീറും മനോജ് തിവാരിയുമടക്കം ക്രിക്കറ്റിന്റെ പിച്ചിൽ നിന്നും രാഷ്ട്രീയത്തിലെത്തി പയറ്റിത്തെളിഞ്ഞവരാണ്. പഞ്ചാബിൽ അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ക്രിക്കറ്റിലേതടക്കം കൂടുതൽ കായികതാരങ്ങൾ രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങുമോ എന്നതാണ് ആരാധകരും ഉറ്റുനോക്കുന്നത്.