ബിജ്നോർ: പ്രവചിച്ച ലോട്ടറി ടിക്കറ്റിന് സമ്മാനം അടിക്കാത്തതിന്റെ ദേഷ്യത്തിൽ യു.പിയിൽ ആൾദൈവത്തെ തല്ലിക്കൊന്നു. ആൾ ദൈവം രാമദാസ് ഗിരിയെ (56) ആണ് ഭാഗ്യേന്വേഷിയായ യുവാവ് കലിമൂത്ത് തല്ലിക്കൊന്നത്. രാമദാസ് ഗിരിയെ കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് ജിഷാൻ എന്ന യുവാവിനെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം.

രാമദാസ് ഗിരിയുടെ പ്രവചനം വിശ്വസിച്ച് മുഹമ്മദ് ജിഷാൻ ലക്ഷക്കണക്കിന് രൂപയാണ് ലോട്ടറി ടിക്കറ്റിനായി ചിലവഴിച്ചത് എന്നാൽ ജിഷാനെ തേടി ഭാഗ്യം എത്തിയതുമില്ല. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗിരിയുടെ തെറ്റായ പ്രവചനംമൂലം തനിക്ക് അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടതായി ജിഷാൻ പറഞ്ഞു. ഭാഗ്യനമ്പർ പ്രവചിക്കാൻ ജിഷാൻ ഗിരിക്ക് 51,000 രൂപയും മൊബൈൽ ഫോണുമാണ് പ്രതിഫലമായി നൽകിയത്. എന്നാൽ ജിഷാന് പണ നഷ്ടം മാത്രമാണ് ഉണ്ടായത്. ഇതോടെയാണ് ഗിരിയെ കൊലപ്പെടുത്താൻ ജിഷാൻ തീരുമാനിച്ചത്.

ഗിരി പ്രവചിക്കുന്ന നമ്പറുകളുള്ള ലോട്ടറി വാങ്ങിയാൽ സമ്മാനം ഉറപ്പാണെന്നാണ് ഇയാളുടെ അനുയായികൾ പ്രചരിപ്പിച്ചിരുന്നത്. ഇതുകേട്ടാണ് ജിഷാൻ എത്തിയത്. വൻതുക സമ്മാനം ലഭിക്കാൻ പോവുകയാണെന്നാണ് ഗിരി ഇയാളോട് പറഞ്ഞത്. ഇതുകേട്ടതോടെ സമ്പാദ്യം മുഴുവൻ ലോട്ടറി വാങ്ങാൻ വിനിയോഗിച്ചു. എന്നാൽ, ഗിരി പ്രവചിച്ച നമ്പറുകളിലെ ലോട്ടറി അടിക്കാഞ്ഞതോടെ ജിഷാൻ അക്രമാസക്തനാവുകയായിരുന്നു.

ഗിരിയെ കൊലപ്പെടുത്താനും ജിഷാൻ തീരുമാനിച്ചു. തലയ്ക്കുപരിക്കേറ്റ നിലയിൽ കാളി ക്ഷേത്രത്തിനുള്ളിലാണ് ഗിരിയുടെ മൃതദേഹം കണ്ടതെന്ന് ബിജ്നോർ പൊലീസ് സൂപ്രണ്ട് ധരംവീർ സിങ് പറഞ്ഞു.