- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏലം വിലയിൽ ഇടിവ്; ഒരു വർഷത്തിനിടെ വില പകുതിയിൽ താഴെ
കട്ടപ്പന: ഏലം വിലയിൽ വൻ ഇടിവ്. വിപണിയിൽ ഉണർവുണ്ടായെങ്കിലും ഉത്പാദനം വർധിച്ചതിനാൽ ഏലം വില ഒരു വർഷത്തിനിടെ പകുതിയിൽ താഴെയായി കുറയുകയായിരുന്നു. ചൊവ്വാഴ്ച കാഡമം പ്ലാന്റേഴ്സ് അസോസിയേഷൻ നടത്തിയ ഇ-ലേലത്തിൽ 888.05 രൂപയാണ് കിലോയ്ക്ക് ശരാശരി വില ലഭിച്ചത്. ഉയർന്നവില 1403 രൂപയും.
കട്ടപ്പന കമ്പോളത്തിലും ശരാശരി 900 രൂപയായി വില താഴ്ന്നു. 2020 ഡിസംബറിൽ നടന്ന ഇ-ലേലത്തിൽ 1926 രൂപ ശരാശരി വില ലഭിച്ചിരുന്നു. തുടർച്ചയായി മഴ ലഭിച്ചതോടെ ഹൈറേഞ്ചിൽ ഏലയ്ക്ക ഉത്പാദനം ഉയർന്നിരുന്നു. കീടനാശിനിയുടെ അംശം കൂടുതലുള്ളതിനാൽ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി ഇടിഞ്ഞു.
2019 ഓഗസ്റ്റ് മൂന്നിനാണ് ഏലത്തിന് റെക്കോഡ് വില ലഭിക്കുന്നത് അന്ന് പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ കിലോയ്ക്ക് 7000 രൂപ ലഭിച്ചു. 209 ലോട്ടുകളായി ഹേഡർ സിസ്റ്റം ഇന്ത്യ നടത്തിയ ലേലത്തിലാണ് ചരിത്രത്തിലെ ഏറ്റവുംവലിയ വില ലഭിച്ചത്. കട്ടപ്പന, അണക്കര കമ്പോളങ്ങളിലും 6000 രൂപയോളം വില ലഭിച്ചിരുന്നു.