ഡിസംബർ 20 മുതൽ യു കെഅടക്കമുള്ള ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ ആറ് പ്രധാന വിമാനത്താവളങ്ങളിൽ എത്തുന്നവർ ആർ ടി പി സി ആർ പരിശോധനയ്ക്കായി മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ടെന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, ഏതെങ്കിലും വിധത്തിൽ ഇത് മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ വിമാനത്തിൽ നിന്നും ഇറങ്ങാൻ അനുവദിക്കാതിരിക്കരുത് എന്നും നിർദ്ദേശമുണ്ട്. ഡെൽഹി, മുംബൈ, കൊൽക്കൊത്ത, ചെന്നൈ, ബെംഗലൂരു, ഹൈദരാബാദ് എന്നിവയാണ് ഈ വിമാനത്താവളങ്ങൾ.

യുണൈറ്റഡ് കിങ്ഡം, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോത്സ്വാന, സിംബാബ്വേ, ടാൻസാനിയ, ഹോങ്കോംഗ്, ചൈന, ഘാന, മൗറീഷ്യസ്, ന്യുസിലാൻഡ്, ഇസ്രയേൽ എന്നീ രാജ്യങ്ങളെയാണ് ഇപ്പോൾ ഹൈറിസ്‌ക്രാജ്യങ്ങളുടേ പട്ടികയിൽ ചേർത്തിരിക്കുന്നത്. നിർബന്ധിത ആർ ടി പി സി ആർ പരിശോധന മുൻകൂട്ടി ചെയ്യുവാനുള്ള സൗകര്യം ഉടൻ തന്നെ എയർ - സുവിധാ പോർട്ടലിൽ ലഭ്യമാക്കുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കെന്നപോലെ, ഇന്ത്യയിൽ എത്തുന്നതിന് പതിനാല് ദിവസം മുൻപ് ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും പരിശോധന മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.

ഇതുമായി ബന്ധപ്പെട്ട വിമാനത്താവളത്തിന്റെ വെബ്സൈറ്റിന്റെ ലിങ്ക് എയർ സുവിധ പോർട്ടലിൽ പ്രദർശിപ്പിക്കും. സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കുന്ന സമയത്ത് ഇത് ദൃശ്യമാകും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ആർ ടി പി സി ആർ പരിശോധന മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. അതിനുള്ള പണവും ഇതിലൂടെ അടയ്ക്കാനാവും. യാത്രക്കാരുടേ സൗകര്യാർത്ഥം യാത്രയ്ക്ക് ഒരാഴ്‌ച്ച മുൻപ് വരെ ബുക്ക് ചെയ്യുവാനുള്ള അവസരം നൽകുന്നതാണെന്നും മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു. ആദ്യഘട്ടത്തിൽ ആറ് മെട്രോ നഗരങ്ങളിലായിരിക്കും ഇത് പ്രാബല്യത്തിൽ വരിക.

ഇത്തരത്തിൽ ബുക്ക് ചെയ്യാത്തവരെ വിമാനത്താവളത്തിൽ ഇറങ്ങാൻ സമ്മതിക്കുമെങ്കിലും, അവരെ വിമാനത്താവളത്തിലെ റെജിസ്ട്രേഷൻ കൗണ്ടറിൽ എത്തിക്കേണ്ട ചുമതല വിമാനക്കമ്പനിക്കായിരിക്കും. ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമമനുസരിച്ച് ഹൈ റിസ്‌ക്ം രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർടി പിസി ആർ പരിശോധന നിർബന്ധമാണ്. മാത്രമല്ല, ഇതിന്റെ ഫലം വന്നതിനു ശേഷം മാത്രമേ ഇവരെ വിമാനത്താവളത്തിൽ നിന്നും പുറത്തുപോകാൻ അനുവദിക്കുകയുള്ളു. ഇതിനുപുറമേ മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാ വിമാനങ്ങളിലേയും രണ്ടു ശതമാനം യാത്രക്കാരെ ക്രമരഹിതമായി തെരഞ്ഞെടുത്ത് ആർ ടി പി സി ആർ പരിശോധനക്ക് വിധേയമാക്കും.

ഇന്ത്യയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർ യാത്ര തിരിക്കുന്നതിനു മുൻപ് എയർ സുവിധ പൊർട്ടലിൽ ഒരു സെൽഫ് ഡിക്ലറേഷൻ നൽകേണ്ടതുണ്ട്. അതിനു പുറമെ യാത്ര ആരംഭിക്കുന്നതിന് ചുരുങ്ങിയത് 72 മണിക്കൂർ മുൻപെങ്കിലും ആർ ടി പി സി ആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റും കൈയിൽ കരുതണം. വിമാനത്താവളങ്ങളിൽ എല്ലാ യാത്രക്കാരെയും തെർമൽ സ്‌ക്രീനിംഗിന് വിധേയരാക്കും.

രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഉടൻ തന്നെ ഐസൊലേഷനിലാക്കും. അതുപോലെ വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെയും ഐസൊലേഷനിലാക്കും. മാത്രമല്ല, അവരുടേ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുകയും ചെയ്യും.