കുര്യനാട്: 'ആത്മാവച്ചൻ' എന്ന് വിശ്വാസിസമൂഹം വിളിച്ച ഫാ. ബ്രൂണോ കണിയാരകത്തിനെ ദൈവദാസനായി പ്രഖ്യാപിച്ചു. കുര്യനാട് സെയ്ന്റ് ആൻസ് ആശ്രമ ദേവാലയത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന കുർബാനമധ്യേയായിരുന്നു പ്രഖ്യാപനം. ബിഷപ്പുതന്നെയാണ് ദൈവദാസ പദവി പ്രഖ്യാപനം നിർവഹിച്ചത്.

പാലാ രൂപതാ ചാൻസലർ ഫാ. ഡോ. ജോസ് കാക്കല്ലിൽ അനുമതിപത്രം വായിച്ചു. സി.എം.ഐ. പ്രിയോർ ജനറൽ ഫാ. ഡോ. തോമസ് ചാത്തംപറമ്പിൽ, പാലാ രൂപത വികാരി ജനറാൾമാരായ മോൺ. എബ്രാഹം കൊല്ലിത്താനത്തുമലയിൽ, മോൺ. ജോസഫ് തടത്തിൽ, മോൺ. ജോസഫ് മലേപറമ്പിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, റവ. ഡോ. ജോസഫ് കടുപ്പിൽ, റവ. ഡോ. ഡൊമിനിക് വെച്ചൂർ, ഫാ. ബർക്കുമാൻസ് കുന്നുംപുറം, സി.എം.ഐ. വികാർ ജനറാൾ ഫാ. ജോസി താമരശ്ശേരിൽ സി.എം.ഐ., കോട്ടയം പ്രൊവിൻഷ്യാൾ റവ. ഡോ. ജോർജ് എടയാടിയിൽ സി.എം.ഐ., ജഗദൽപ്പൂർ പ്രൊവിൻഷ്യാൾ ഫാ. തോമസ് വടക്കുംകര സി.എം.ഐ., റവ. ഡോ. തോമസ് ഐക്കര സി.എം.ഐ., ജനറൽ കൗൺസിലേഴ്സ്, പ്രൊവിൻഷ്യൽ കൗൺസിലേഴ്സ് തുടങ്ങിയവർ സഹകാർമികരായി.