സൂര്യന് കീഴിലുള്ള എന്തിനും ആമസോൺ സന്ദർശിച്ചാൽ മതി എന്നാണ് അല്പം കളിയായും അല്പം കാര്യമായും ആളുകൾ പറഞ്ഞിരുന്നത്. അതിൽ വാസ്തവം ഉണ്ടെങ്കിലും ഇല്ലെങ്കിലും മറ്റ് ഓൺലൈൻ ഷോപ്പുകളേക്കാൾ ഒരുപടികൂടി മുന്നോട്ട് നീങ്ങുകയാണ് ആമസോൺ. കോവിഡ് കാലത്ത് ഏറ്റവുംഅത്യാവശ്യമായ പി സി ആർ രോഗ പരിശോധന ഓൺലൈനിലൂടെ ലഭ്യമാക്കുകയാണ്.

രണ്ടു തരത്തിലുള്ള കോവിഡ് -19 ടെസ്റ്റുകളാണ് ആമസോൺ ബ്രിട്ടനിലെ വിപണിയിലിറക്കുന്നത് വീട്ടാവശ്യത്തിനുള്ള ഒരു ഡൊമെസ്റ്റിക് കിറ്റും പിന്നെ ഇന്റർനാഷണൽ അറൈവൽ സർവീസ് കിറ്റും. നിങ്ങൾ വിദേശയാത്രയ്ക്ക് ഉദ്ദേശിക്കുന്നെങ്കിൽ രണ്ടാമത്തേതായിരിക്കും നിങ്ങൾക്ക് അഭികാമ്യമായത്. 34.99 പൗണ്ട് മുതലാണ് ഇതിന്റെ വില തുടങ്ങുന്നത്. ഇതിന്റെ പരിശോധന നടത്തി ഫലം നൽകുന്നത് മാസങ്ങളായി ജീവനക്കാരെ പരിശോധിക്കുവാൻ ആമസോൺ ഒരുക്കിയ സ്വന്തം ലബോറട്ടറിയിൽ നിന്നായിരിക്കും.

വിപണിയിൽ ലഭ്യമായ മറ്റ് പി സി ആർ പരിശോധനകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ് നിരക്കാണ് ആമസോൺ ഈടാക്കുന്നത്. ഉദാഹരണത്തിന് ഹൈസ്ട്രീറ്റ് ലാബിൽ വിദേശയാത്ര പോകുന്നവർക്കുള്ള പരിശോധനക്ക് ഈടാക്കുന്നത് 79 പൗണ്ടാണ്. ഹീത്രൂ വിമാനത്താവളത്തിലാണെങ്കിൽ 59 പൗണ്ടും ഈടാക്കുന്നുണ്ട്. ഇത് 48 മണീക്കൂറിനുള്ളിൽ പരിശോധനഫലം ലഭ്യമാക്കുവാനാണ്. മൂന്ന് മണീക്കൂറിനുള്ളിൽ പരിശോധനാഫലം ആവശ്യമായവർ 119 പൗണ്ട് നൽകേണ്ടതായി വരും.

സർക്കാരിന്റെ രണ്ടാം ദിവസത്തേയും എട്ടാം ദിവസത്തേയും പരിശോധന, അല്ലെങ്കിൽ രണ്ടാം ദിവസത്തെയും അഞ്ചാദിവസത്തേയും എട്ടാം ദിവസത്തേയും പരിശോധന, രണ്ടാം ദിവസത്തെ പരിശോധനമാത്രം എന്നിവയ്ക്ക് ചേർന്ന മൂന്ന് വ്യത്യസ്ത പി സി ആർ പാക്കേജുകളാണ് ആമസോൺ യു കെ നൽകുന്നത്. ഇത് സർക്കാർ മാനദണ്ഡം അനുസരിച്ചുള്ളതാണെന്നും ബ്രിട്ടനിലേക്ക് യാത്രചെയ്യുവാൻ കഴിയുന്നതാണെന്നും ആമസോൺ ലിസ്റ്റിംഗിൽ പറയുന്നുണ്ട്.