കണ്ണുർ: മുസ്ലിം ലീഗിനെതിരെ ഗുരുതരമായ ആരോപണവുമായി ഐ.എൻ.എൽ നേതാവ് കാസിം ഇരിക്കൂർ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് പി.എസ്.സി നിയമനത്തിൽ പിണറായി സർക്കാരിനെതിരെ സമരം ചെയ്യുന്ന മുസ്ലിം ലീഗ് വഖഫ് സ്വത്തുക്കൾ പലയിടങ്ങളിലും തട്ടിയെടുത്തുവെന്ന് കാസിം ഇരിക്കൂർ. ആരോപിച്ചു.

സംസ്ഥാനത്ത് ഏറ്റവും വലിയ വഖ്ഫ് കൊള്ള നടന്നത് തളിപ്പറമ്പിലാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ കാസിം ഇരിക്കൂർ വ്യക്തമാക്കി. 637.50 ഏക്കർ സ്ഥലം ഉണ്ടായിരുന്നത് ഇപ്പോൾ 95 ഏക്കർ മാത്രമേ ഉള്ളൂ. 500 ഏക്കറിലധികം അന്യാധീനപ്പെട്ടു. ഇതിന് പിന്നിൽ കലാകാലം ജമാഅത്ത് കമ്മിറ്റി ഭരണം കൈയാളിയായ മുസ്ലിം ലീഗുകാരാണെന്നും കാസിം ഇരിക്കൂർ ആരോപിച്ചു.

ഇത്തരം അന്യാധീനപ്പെട്ട വഖ്ഫ് ഭൂമി കണ്ടെത്താൻ ഒരോ ജില്ലയിലും സ്‌പെഷ്യൽ ഓഫീസർമാരെ നിയമിച്ച് സർവേ നടപടി ആരംഭിക്കണമെന്നും കാസിം ആവശ്യപ്പെട്ടു. കുറ്റക്കാരെ കണ്ടെത്താൻ അടിയന്തരമായി സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തുന്നതിന് സർക്കാർ ഉത്തരവിടണം. അന്യാധീനപ്പെട്ട വഖ്ഫ് ഭുമി കണ്ടു പിടിച്ച് ബോർഡിന് തിരിച്ചേൽപ്പിക്കാൻ ജില്ലയിലെ ഓരോ മഹല്ലുകളിലും ജനകീയ കൂട്ടായ്മ ഉണ്ടാക്കാൻ ഐ.എൻ.എൽ നേതൃത്വം നൽകും. വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനം പുരോഗമനപരവും മാതൃകാപരവുമാണെന്നും കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

തളിപ്പറമ്പ് ലീഗിൽ വിഭാഗീയത ശക്തിപ്പെട്ടത് വഖ്ഫിന്റെ വിപുലമായ സ്വത്ത് കൈകാര്യം ചെയ്യുന്നതിന് വേണ്ടിയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കണ്ണുർ പ്രസ് ക്‌ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ബി ഹംസ ഹാജി, ജില്ലാ പ്രസിഡന്റ് മഹമൂദ് പറക്കാട്ട്, ജില്ലാ സെക്രട്ടറി താജുദ്ദീൻ മട്ടന്നൂർ എന്നിവരും പങ്കെടുത്തു.