കൊച്ചി: തലച്ചുമടു നിരോധിക്കണമെന്ന പരാമർശത്തിൽ വ്യക്തത വരുത്തി ഹൈക്കോടതി. ചുമട്ടുതൊഴിൽ നിർത്തണമെന്ന് കോടതി ഉദ്ദേശിച്ചിട്ടില്ല. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടപ്പെടുത്തണമെന്ന് ആഗ്രഹമില്ല. എന്നാൽ ഈ മേഖലയിൽ ആധുനിക വൽക്കരണം കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി.

ചുമട്ടുതൊഴിലിനിടെ നിരവധി പേർക്കാണു പരുക്കേൽക്കുന്നത്. ഇത്തരം കേസുകൾ കോടതിക്കു മുൻപാകെ എത്തുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നോക്കുകൂലി കേസിൽ തിങ്കളാഴ്ച വിധി പറയുമെന്നും കോടതി വ്യക്തമാക്കി.

50 - 60 വയസ് കഴിഞ്ഞാൽ ആരോഗ്യം നശിച്ച് ചുമട്ടു തൊഴിലാളികളുടെ ജീവിതം ഇല്ലാതാവുകയാണെന്നായിരുന്നു കോടതിയുടെ ആശങ്ക. എന്നാൽ ഇതര സംസ്ഥാനങ്ങളിലും ചുമട്ടു തൊഴിലാളികൾ ഉണ്ടെന്നു വിശദീകരിച്ച സർക്കാർ, ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരെ സംരക്ഷിക്കേണ്ടതുണ്ടെന്ന നിലപാടാണു സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ ചുമട്ടു തൊഴിൽ മാനുഷിക വിരുദ്ധമായ ജോലിയാണെന്നു കോടതി പറഞ്ഞിരുന്നു. യന്ത്രങ്ങൾ ചെയ്യുന്ന ജോലി മനുഷ്യൻ ചെയ്യേണ്ടതില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. പരിഷ്‌കൃത സമൂഹത്തിൽ മനുഷ്യനെക്കൊണ്ടു ചുമട് എടുപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ചിലരുടെ താൽപര്യങ്ങളാണു തൊഴിൽ നിലനിർത്തുന്നതിനു പിന്നിലെന്നും കോടതി പറഞ്ഞിരുന്നു.