കോഴിക്കോട്: കോഴിക്കോട് കലക്ട്രേറ്റിൽ ജീവനക്കാരി കുഴഞ്ഞു വീണത് മാനസിക പീഡനം മൂലമാണെന്ന ആരോപണവുമായി എൻ ജി ഒ അസോസിയേഷൻ രംഗത്ത്. കോഴിക്കോട് ആർ ഡിഒ ഓഫീസിലെ ജീവനക്കാരിയാണ് ഇന്നലെ കുഴഞ്ഞു വീണത്. ഭരണാനുകൂല സർവ്വീസ് സംഘടനാ നേതാക്കളുടെ മാനസിക പീഡനം മൂലമാണ് ജീവനക്കാരി കുഴഞ്ഞു വീണതെന്നാണ് അസോസിയേഷന്റെ ആരോപണം. ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ റവന്യു വകുപ്പിലെ പ്രതിപക്ഷ സർവ്വീസ് സംഘടനകളെ വേട്ടയാടുകയാണെന്നും ഇവരുടെ സമ്മർദ്ദങ്ങൾക്ക് ആർഡിഒ കൂട്ടു നില്ക്കുകയാണെന്നുമാണ് യൂണിയന്റെ ആരോപണം.

എൻ ജി ഒ അസോസിയേഷൻ പ്രവർത്തകയായ ജീവനക്കാരിയെ നേരത്തെ നന്മണ്ട വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ അസോസിയേഷൻ പരാതി നൽകി. ഇതോടെ കലക്ടർ ഉത്തരവ് മരവിപ്പിച്ചു. ഇതിന്റെ പ്രതികാരമെന്നോണം ഭരണാനുകൂല സംഘടനകൾ ജീവനക്കാരിക്കെതിരെ ആർഡിഒയ്ക്ക് വ്യാജ പരാതി നൽകുകയായിരുന്നു. ആർഡിഒ വിളിച്ചു വരുത്തി ശകാരിച്ചതിനെ തുടർന്നാണ് ജീവനക്കാരി കുഴഞ്ഞു വീണതെന്നാണ് എൻ ജി ഒ അസോസിയേഷൻ നേതാക്കൾ പറയുന്നത്.

എന്നാൽ ഈ ആരോപണങ്ങൾ ജോയിന്റ് കൗൺസിൽ നേതാക്കൾ നിഷേധിക്കുന്നു. കോഴിക്കോട് ആർ ഡി ഒ ഓഫീസിൽ ഒരു ജീവനക്കാരി കുഴഞ്ഞു വീഴാനിടയായത് ജോയിന്റ് കൗൺസിൽ നേതാക്കളുടെ മാനസിക പീഡനം മൂലമാണെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജോയിന്റ് കൗൺസിൽ വ്യക്താക്കി. തരം മാറ്റം ഉൾപ്പെടെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് വേണ്ടിയാണ് മറ്റ് റവന്യു ഓഫീസുകളിൽ നിന്നും ജീവനക്കാരെ താത്ക്കാലികമായി ആർ ഡി ഒ ഓഫീസിലേക്ക് നിയോഗിച്ചത്. ഓഫീസ് സമയത്ത് ഡ്രൈവിങ് പഠിക്കാനും മറ്റ് വ്യക്തിപരമായ കാര്യങ്ങൾക്കും വേണ്ടി ഓഫീസിൽ നിന്നും മുങ്ങി നടക്കുന്നത് സബ് കലക്ടർ കൈയോടെ പിടികൂടി ചോദിച്ചത് ജോയിന്റ് കൗൺസിലിന്റെ മാനസിക പീഡനമാണെന്ന് എൻ ജി ഒ അസോസിയേഷൻ ചിത്രീകരിക്കുന്നത് അന്തസ്സില്ലാത്ത നടപടിയാണെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ജയപ്രകാശൻ കെ വ്യക്തമാക്കി.