ന്യൂഡൽഹി: 1971ൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ യുദ്ധ വിജയം അനുസ്മരിക്കാനായി ഡൽഹിയിൽ നടന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവഗണിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു. കേന്ദ്ര സർക്കാർ നടപടിയെ സ്ത്രീവിരുദ്ധം എന്നാണ് അവർ വിശേഷിപ്പിച്ചത്.

' സ്ത്രീവിരുദ്ധരായ ബിജെപി സർക്കാർ വിജയ് ദിവസ് ആഘോഷങ്ങളിൽ നിന്ന് നമ്മുടെ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഒഴിവാക്കി. അവർ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന്റെയും ബംഗ്ലാദേശിനെ മോചിപ്പിച്ചതിന്റെയും 50-ാം വാർഷികത്തിലാണിത്. നരേന്ദ്ര മോദിജി... സ്ത്രീകൾ നിങ്ങളുടെ പൊള്ളത്തരങ്ങൾ വിശ്വസിക്കുന്നില്ല. നിങ്ങളുടെ രക്ഷാകർതൃമനോഭാവം സ്വീകാര്യമല്ല.' - അവർ ട്വിറ്ററിൽ കുറിച്ചു.

വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ' ബംഗ്ലാദേശ് യുദ്ധ വിജയത്തിന്റെ സ്മരണാർത്ഥം ഇന്ന് ന്യൂഡൽഹിയിൽ ഒരു ചടങ്ങ് നടന്നു. എന്നാൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് ചടങ്ങിൽ ഒരു പരാമർശം പോലുമുണ്ടായില്ല. രാജ്യത്തിന് വേണ്ടി 32 ബുള്ളറ്റുകൾ ഏറ്റുവാങ്ങിയ വനിതയുടെ പേര് ചടങ്ങിൽ എങ്ങുമുണ്ടായിരുന്നില്ല. എന്തെന്നാൽ ഈ സർക്കാർ സത്യത്തെ ഭയപ്പെടുന്നു' - രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.