തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വിമർശനങ്ങളോ അഭിപ്രായ പ്രകടനങ്ങളോ നടത്തിയാൽ കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് എതിരെയും കെഎസ്ആർടിസിയിലെ സഹപ്രവർത്തകർക്ക് എതിരെയും ഒരു വിഭാഗം ജീവനക്കാർ വ്യാജപ്രചാരണങ്ങൾ നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിക്ക് നിർദ്ദേശം.

തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും വ്യാജമായതുമായ പ്രചാരണങ്ങൾ, വ്യാഖ്യാനങ്ങൾ, സ്റ്റേറ്റ്‌മെന്റ് എന്നിവയെല്ലാം അപകീർത്തിപ്പെടുത്തലിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് നടപടി സ്വീകരിക്കുക. പൊതുജന സേവകൻ ഇത്തരം പ്രചാരണങ്ങൾ നടത്താൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.

സർക്കാർ കോർപ്പറേഷൻ നയങ്ങളെയും നടപടികളെയും കുറിച്ചുള്ള വിമർശനങ്ങളോ അഭിപ്രായപ്രകടനങ്ങളോ ജീവനക്കാരും ഉദ്യോഗസ്ഥരും സാമൂഹ്യ മാധ്യമങ്ങളിലൂടെ അനുവാദമില്ലാതെ പ്രചരിപ്പിക്കാൻ പാടില്ല. ഇത്തരം നടപടികൾ ശ്രദ്ധയിൽ പെട്ടാൽ മേലധികാരികൾ നടപടിക്ക് ശുപാർശ ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

സർക്കാർ - കോർപ്പറേഷൻ നയങ്ങളെ വിമർശിക്കുന്നതും സഭ്യതയില്ലാത്തതും അപകീർത്തികരവും നിയമവിരുദ്ധവുമായ അഭിപ്രായങ്ങൾ സമൂഹ്യ മാധ്യങ്ങൽ വഴി പ്രചരിപ്പിക്കുന്ന കോർപ്പറേഷനിലെ ജീവനക്കാർക്ക് എതിരെ 1960ലെ കേരള സിവിൽ സർവീസ് ചട്ടങ്ങൾ പ്രകാരം കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.