ഇടുക്കി: കോഴിക്കോട് ബാലുശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കി വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. അനുകൂലിച്ചും എതിർത്തും സോഷ്യൽ മീഡിയയിൽ വാദങ്ങൾ തകർക്കുന്നു. ഇതിനെതിരെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളിലേക്ക് മാർച്ച് നടത്തി. ആൺകുട്ടികളുടെ വേഷം പെൺകുട്ടികളും ധരിക്കണമെന്ന രീതിയിലുള്ള പരിഷ്‌കാരം ജനാധിപത്യവിരുദ്ധവും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതുമാണെന്ന് എസ്.എസ്.എഫ്. ആരോപിക്കുന്നു. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും വൈവിധ്യവും വേണ്ടതില്ലെന്ന നിലപാടാണ് വസ്ത്രം ഏകീകരിക്കുക വഴി നടപ്പിലാക്കപ്പെടുന്നതെന്നും സംഘടന പറഞ്ഞു. ഈ കോലാഹലങ്ങൾക്കിടെ തന്റെ മണ്ഡലത്തിലെ ഇരട്ടയാർ പഞ്ചായത്തിലെ ശാന്തിഗ്രാമിൽ സർക്കാർ സ്‌കൂളിൽ 11 വർഷമായി ആൺ-പെൺ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോഗിക്കുന്നു എന്ന് കുറിക്കുന്നു എം എം മണി

കുറിപ്പിന്റെ പൂർണ രൂപം

എന്റെ മണ്ഡലത്തിലെ ഇരട്ടയാർ പഞ്ചായത്തിലെ ശാന്തിഗ്രാം എന്ന ഗ്രാമം. അവിടെ സർക്കാർ തലത്തിലെ കേരളത്തിലെ ഒരേയൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂൾ.#ഗാന്ധിജി_ഇംഗ്ലീഷ്-മീഡിയം_ഗവ_ഹൈസ്‌കൂൾ. . 2010 ൽ നിലവിൽ വന്നു.11 വർഷം കൊണ്ട് 1800 ഓളം കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയം. കാലത്തിനു മുന്നേ നടന്ന ഈ ഗ്രാമം, സ്‌കൂൾ നിലവിൽ വന്നത് മുതൽ ആൺ - പെൺ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോഗിക്കുന്നു. പരാതിയില്ല ! പരിഭവമില്ല ! എല്ലാവരും Happy