ചെന്നൈ: അനുജത്തിക്ക് മുമ്പ് വിവാഹം കഴിച്ചതിന്റെ പേരിൽ ബന്ധുക്കൾ നിരന്തരം കുറ്റപ്പെടുത്തിയതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ സ്വന്തം വീട്ടിൽ നിരന്തരം കുറ്റപ്പെടുത്തലുകൾക്ക് ഇരയായതിനെ തുടർന്ന് മധുര സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്തത്. യുവാവ് ജീവനൊടുക്കിയതിന് പിന്നാലെ മനോവിഷമം താങ്ങാനാകാതെ ഇയാളുടെ 21-കാരിയായ ഭാര്യയും ജീവനൊടുക്കി.

ഇരുവരും മരണം തിരഞ്ഞെടുത്തതോടെ ദമ്പതിമാരുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് മാതാപിതാക്കളില്ലാതായി. മധുര അവണിയാപുരത്താണ് സംഭവം. ശിവഗംഗ സ്വദേശിയായ പ്രസാദ് (23), ഭാര്യ മുത്തുമാരി (21) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ദീർഘനാളായി പ്രണയത്തിലായിരുന്നു പ്രസാദും മുത്തുമാരിയും. ഇരുവീട്ടുകാരുടെയും എതിർപ്പിനിടെ ഒന്നരവർഷം മുമ്പായിരുന്നു ഇവരുടെ പ്രണയവിവാഹം. തുടർന്ന് അവണിയാപുരത്ത് വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടയിൽ കുഞ്ഞും ജനിച്ചു.

കഴിഞ്ഞയിടെ ശിവഗംഗയിലെ സ്വന്തം വീട്ടിലേക്കുപോയ പ്രസാദ് ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകൾ കാരണം മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് മുത്തുമാരിയെയും കുഞ്ഞിനെയും മുത്തുമാരിയുടെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോയി. ഭർത്താവിന്റെ മരണത്തിൽ യുവതി കടുത്ത മനോവിഷമത്തിലായിരുന്നു. കഴിഞ്ഞദിവസം പ്രസാദിന്റെ ഷർട്ട് ധരിച്ച് പോക്കറ്റിൽ ഫോട്ടോയുംവെച്ച് മുത്തുമാരിയും തൂങ്ങിമരിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ അവണിയാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.