തിരുവനന്തപുരം: ബിഎ പരീക്ഷ തോറ്റവർ സംസ്‌കൃത സർവകലാശാലയിലും മേഖലാ കേന്ദ്രങ്ങളിലും എംഎയ്ക്കു പഠിക്കുന്നതായി പരാതി. പരീക്ഷയിൽ തോറ്റവർക്കായി ചട്ടങ്ങൾ മറികടന്നു പ്രത്യേക പുനഃപരീക്ഷ നടത്താനും തീരുമാനിച്ചതായി റിപ്പോർട്ട്. ബിരുദ പരീക്ഷകളുടെ ഫലം പ്രതീക്ഷിച്ചിരുന്നവർക്ക് എംഎയ്ക്കു താൽക്കാലിക പ്രവേശനം നൽകിയിരുന്നു. പ്രവേശന നടപടി പൂർത്തിയാകുന്ന മുറയ്ക്ക് ബിരുദ പരീക്ഷ ജയിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നാണു വ്യവസ്ഥ.

പക്ഷേ, റിസൾട്ട് വന്നപ്പോൾ പ്രവേശനം ലഭിച്ചവരിൽ പലരും ബിഎയ്ക്കു തോറ്റു. എംഎ ക്ലാസ് സെപ്റ്റംബറിൽ ആരംഭിച്ചിരുന്നതിനാൽ തോറ്റ വിദ്യാർത്ഥികളും പഠനം തുടർന്നു. തോറ്റവരെ പഠനം തുടരാൻ സർവകലാശാല അനുവദിച്ചതോടെ പരാതി ഉയർന്നു. ഇതോടെ തോറ്റവർക്കായി ചട്ടങ്ങൾ മറികടന്നു പ്രത്യേക പുനഃപരീക്ഷ നടത്താനും തീരുമാനമായി. വിദ്യാർത്ഥികൾ കുറഞ്ഞാൽ കരാർ അദ്ധ്യാപകരുടെ ജോലി നഷ്ടപ്പെടും. ഇത് ഒഴിവാക്കാനാണ് തോറ്റവരെയും എംഎയ്ക്കു തുടരാൻ അനുവദിച്ചതെന്നും ആക്ഷേപമുണ്ട്.

തോറ്റവർ ചട്ടപ്രകാരം അടുത്ത വർഷത്തെ സപ്ലിമെന്ററി പരീക്ഷയാണ് എഴുതേണ്ടത്. ഇതിനു പകരം പ്രത്യേക പുനഃപരീക്ഷ നടത്തുന്നതു സർവകലാശാല ചട്ടങ്ങൾക്കു വിരുദ്ധമായതിനാൽ റദ്ദാക്കണമെന്നും തുടർപഠനം അനുവദിക്കരുതെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി, സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു.