ബാത്ത്‌റൂമിലെ ഭിത്തിയുടെ പിന്നിൽ നിന്നും പതിവായി വിചിത്ര ശബ്ദം കേൾക്കുന്നത് ഫ്‌ളോറിഡയിലെ ഒരു വീട്ടുകാരെ തെല്ല് ആശങ്കപ്പെടുത്തിയിരുന്നു. എങ്കിലും ഇത് ഇത്രയും വലിയ സർപ്രൈസ് ആകുമെന്ന് ആ വീട്ടുകാർ പോലും കരുതിയില്ല. ഫ്‌ളോറിഡയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലുള്ള ഒരു വീട്ടിലാണ് സംഭവം. ബാത്ത്‌റൂമിനുള്ളിലെ ടയലിനുള്ളിൽ നിന്നം കണ്ടെടുത്തത് ഏഴടി നീളമുള്ള വമ്പൻ തേനീച്ചക്കൂട്. നിറയെ തേൻ നിറഞ്ഞ നിലയിലാണ് വീട്ടുകാർക്ക് ഈ കൂട് ലഭിക്കുന്നത്.

പതിവായി ബാത്‌റൂമിനുള്ളിൽ നിന്നും വീട്ടുകാർ തേനീച്ചകളുടെ മുരൾച്ച കേട്ടിരുന്നു. ഷവർ തുറക്കുമ്പോൾ ഇടയ്ക്ക് ഒന്നോ രണ്ടോ തേനീച്ചകൾ പുറത്തേക്ക് വരാറുണ്ടായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. ബാത്‌റൂമിന്റെ ഭിത്തിയിലൊട്ടിച്ചിരുന്ന ടൈലിന്റെ പിന്നിലെ വിടവിലാണ് തേനീച്ചകൾ കൂടുകൂട്ടിയത്. തേനീച്ചകളുടെ ശബ്ദം കൂടുതൽ ശക്തമായതോടെയാണ് വീട്ടുകാർ നിവർത്തിയില്ലാതെ വീട്ടുകാർ തേനീച്ചകളെ പിടിക്കുന്നതിൽ വിദഗ്ധയായ എലീഷ ബിക്സ്ലറെ വിവരമറിയിക്കുകയായിരുന്നു. എലീഷ സ്ഥലത്തെത്തി ഷവറിന് പിന്നിലുള്ള ടൈൽ പൊളിച്ചുനീക്കിയപ്പോഴാണ് വമ്പൻ തേനീച്ചക്കൂട് കണ്ടെത്തിയത്.

ടൈലുകൾ പൊളിച്ചു നീക്കുമ്പോൾ നൂറുകണക്കിന് തേനീച്ചകൾ പൊതിഞ്ഞ നിലയിലായിരുന്നു കൂട്. തേനീച്ചക്കൂടിന്റെ ചിത്രങ്ങളും പകർത്തിയിട്ടുണ്ട്. തേൻ നിറഞ്ഞ് തുള്ളിയായ് ഇറ്റുവീഴുന്നുണ്ടായിരുന്നു. തേനീച്ചക്കൂട് കണ്ടെത്തുന്നതിന്റെ ദൃശ്യം എലീഷ തന്നെയാണ് ടിക്ടോക്കിൽ പങ്കുവച്ചത്. കൂടിന്റെ ഒരുഭാഗത്ത് വെറുതെ വിരൽ അമർത്തിയപ്പോൾതന്നെ തേൻ പുറത്തേക്ക് ഒഴുകുന്ന നിലയിലായിരുന്നു. ആദ്യ പരിശോധനയിൽ ടൈലിനു പിന്നിൽ തേനീച്ചക്കൂട് ഉണ്ടെന്ന് തോന്നിയെങ്കിലും അത് ഇത്രയും വലിയ ഒന്നായിരിക്കുമെന്ന് കരുതിയിയില്ലെന്ന് എലീഷ പറയുന്നു. കാഴ്ചകണ്ട് വീട്ടുകാരും അമ്പരന്നു.

റാണി തേനീച്ചയെ പിടികൂടുന്നതിനായി പ്രത്യേകം തയാറാക്കിയ മെറ്റൽ ക്ലിപ്പുമായാണ് എലീഷയെത്തിയത്. റാണി തേനീച്ചയെ പിടികൂടിയതോടെ മറ്റു തേനീച്ചകളും പിന്നാലെ അനുഗമിച്ചു. ഇത്തരത്തിൽ തേനീച്ചക്കൂട്ടത്തെ തന്റെ വീട്ടിലെ സങ്കേതത്തിലേക്ക് എലീഷ മാറ്റിപാർപ്പിക്കുകയും ചെയ്തു. വമ്പൻ തേനീച്ചകൂടിന്റെ ദൃശ്യങ്ങൾ വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധനേടി. മുപ്പതു ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.