കൊച്ചി: അസ്വാഭാവിക മരണമാണെങ്കിൽ, പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സർക്കാർ ചെലവിൽ വീട്ടിലെത്തിക്കണമെന്ന് ഹൈക്കോടതി. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളും അഭ്യുദയകാംക്ഷികളും പൊലീസ് സ്റ്റേഷനിലോ ആശുപത്രികളിലോ പോയി കാത്തുനിൽക്കേണ്ടതില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. മാത്രമല്ല മരിച്ചയാളുടെ വീട്ടിൽ മൃതദേഹം സർക്കാർ ചെലവിൽ എത്തിക്കണം.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കും ഇൻക്വസ്റ്റിന് ആവശ്യമെങ്കിൽ മറ്റു സ്ഥലങ്ങളിലേക്കും മാറ്റുന്നതിനുള്ള ചെലവ് സംസ്ഥാന സർക്കാരാണു വഹിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഇക്കാര്യം ചീഫ് സെക്രട്ടറി സർക്കുലറിൽ വ്യക്തമാക്കണം. സംസ്ഥാനത്തെ ആശുപത്രികളിൽ രാത്രി പോസ്റ്റ്‌മോർട്ടം ഏർപ്പെടുത്തുമെന്ന 2015 ലെ ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന വിധിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഈ നിർദ്ദേശം.