കൊച്ചി: ജീവിച്ചിരിക്കുമ്പോൾ ഒരുത്തരും തിരിഞ്ഞു നോക്കാനില്ലാതെ ഒരു വിലയമില്ലാത്ത അനേകം പേർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ അറിഞ്ഞോളൂ, മരിച്ചു കഴിഞ്ഞാൽ അവർക്കുമുണ്ട് കൃത്യമായ വില. ഒരു മൃതദേഹത്തിന് സർക്കാർ കണക്കു പ്രകാരം 40,000 രൂപ വിലയാണുള്ളത്. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ എറണാകുളം ജനറൽ ആശുപത്രി ആരും തേടി എത്താത്ത അനാഥ മൃതശരീരങ്ങൾ വിറ്റു നേടിയത് അരക്കോടിയിലേറെ രൂപ. കൃത്യമായി പറഞ്ഞാൽ 62,40,000 രൂപ.

2017 ഓഗസ്റ്റ് ഒന്ന് മുതൽ 2021 ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഏറണാകുളം ജനറൽ ആശുപത്രി ആരും തേടിയെത്താത്ത അനാഥ മൃതശരീരങ്ങൾ വിറ്റു അരക്കോടിയിലേറെ രൂപ നേടിയത്. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നു ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യമുള്ളത്. മൃതദേഹങ്ങൾ സ്വകാര്യ മെഡിക്കൽ കോളജുകൾക്കു വിറ്റാണ് ഇത്ര വലിയ തുക ആശുപത്രി സമ്പാദിച്ചത്.

ഇക്കാലയളവിൽ ആശുപത്രിയിൽ 267 അനാഥ മൃതശരീരങ്ങളാണ് ലഭിച്ചത്. ഇതിൽ 156 എണ്ണവും മെഡിക്കൽ കോളജ് ആശുപത്രികൾക്കു കൈമാറി. 154 എണ്ണം സ്വകാര്യ ആശുപത്രിക്കാർ വാങ്ങിയപ്പോൾ രണ്ടെണ്ണം സർക്കാർ മെഡിക്കൽ കോളജുകൾക്കു കൈമാറി. ഈ തുക എന്തിനു ചെലവഴിച്ചു എന്ന ചോദ്യത്തിന് മോർച്ചറിയുടെ ഫൊറൻസിക് പ്രവർത്തനങ്ങൾക്കായി എന്നാണ് മറുപടി.

അനാഥ മൃതദേഹങ്ങൾ വിറ്റ വകയിൽ ലഭിച്ച തുകയിൽ ഇനിയും 57,43,002 രൂപ നീക്കിയിരുപ്പുണ്ട്. ചട്ടങ്ങൾ പാലിച്ചാണ് മൃതദേഹങ്ങൾ കൈമാറിയിരിക്കുന്നത് എന്നാണു വിശദീകരണം.