ബെംഗളൂരു: കർണാടകയിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കടുത്ത വ്യവസ്ഥകളുമായി സർക്കാർ. നിർബന്ധിച്ച് മതംമാറ്റുന്നവർ ശരിക്കും പുലിവാല് പിടിക്കുന്ന നിയമത്തിനാണ് കർണാടക വ്യവസ്ഥ ചെയ്യുന്നത്. മതം മാറാൻ പ്രേരിപ്പിക്കുന്നവർക്ക് 3 മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ അടക്കമാണ് നിർദിഷ്ട നിയമത്തിന്റെ കരടുബില്ലിലെ കടുത്ത വ്യവസ്ഥകൾ.

പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീകളേയോ പട്ടികവിഭാഗത്തിൽപെട്ടവരെയോ നിർബന്ധിച്ച് മതം മാറ്റിയാൽ 10 വർഷം വരെ കഠിന തടവിന് ശിക്ഷിക്കാം. ആർക്കെക്കിലുമെതിരെ മതം മാറ്റയതായി പരാതി ഉയർന്നാൽ, മതംമാറ്റം സ്വമേധയാ ആണെന്നു തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതരുടേതാണ്. തെളിയിക്കാനായില്ലെങ്കിൽ മതംമാറിയവർക്കു നഷ്ടപരിഹാരമായി പരമാവധി അഞ്ച് ലക്ഷം രൂപ കൈമാറണമെന്നും കരടിൽ നിർദേശിക്കുന്നു.

തെറ്റിദ്ധരിപ്പിച്ചോ, ബലം പ്രയോഗിച്ചോ, സ്വാധീനത്തിലൂടെയോ, വഞ്ചനയിലൂടെയോ, ആനുകൂല്യങ്ങൾ നൽകിയോ വിവാഹത്തിനു വേണ്ടിയോ സമ്മർദം ചെലുത്തിയോ ഉള്ള മതം മാറ്റം തടയാൻ ലക്ഷ്യമിട്ടുള്ളതാണ് മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ. ബിജെപി സർക്കാരിന്റെ നീക്കത്തെ എതിർക്കുമെന്ന് കോൺഗ്രസും ദളും വ്യക്തമാക്കിയിട്ടുണ്ട്.

നിർദിഷ്ട ബിൽ പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ജാമ്യം ലഭിക്കില്ല. മതം മാറാൻ ഉദ്ദേശിക്കുന്നവർ 60 ദിവസം മുൻപെങ്കിലും കലക്ടറെ രേഖാമൂലം അറിയിക്കണം. മതംമാറി 30 ദിവസത്തിനകം ആ വിവരവും അറിയിക്കണം. മതം മാറുന്നവർക്ക് ആദ്യമുണ്ടായിരുന്ന വിഭാഗത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ല. നിർബന്ധിച്ചു മതംമാറ്റുന്ന കേസുകളിൽ പൊതുവേ 3 5 വർഷം വരെ തടവും 25,000 രൂപ പിഴയുമാണു ശിക്ഷ. പരിവർത്തനം ചെയ്തവരിൽ പ്രായപൂർത്തിയാകാത്തവരോ സ്ത്രീയോ പട്ടികവിഭാഗത്തിൽപെട്ടവരോ ഉണ്ടെങ്കിൽ തടവ് 10 വർഷം വരെയാകാം. പിഴ 50,000 രൂപയാകും.