കൊൽക്കത്ത: വംഗനാട്ടിലെ ചരിത്രപ്രസിദ്ധമായ ദുർഗാ പൂജയ്ക്ക് യുനെസ്‌കോയുടെ പൈതൃക പദവി. ദുർഗാദേവിയുടെ ചിത്രം സഹിതം അഭിനന്ദനങ്ങളറിയിച്ച് യുനെസ്‌കോ പ്രഖ്യാപനം ട്വീറ്റ് ചെയ്തു. യുനെസ്‌കോയുടെ പ്രഖ്യാപനത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ദുർഗാപൂജ ഒരുത്സവം മാത്രമല്ല, ബംഗാളിയുടെ വികാരവുമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

ശിൽപകലയുടെ മഹത്തായ പൈതൃകം പേറുന്ന കൊൽക്കത്തയിലെ ദുർഗാപൂജ പന്തലുകൾ ഇനി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നതിൽ അഭിമാനമുണ്ടെന്ന് സംസ്ഥാന പൈതൃക സമിതി ചെയർമാൻ സുവപ്രസന്ന പറഞ്ഞു. പാരിസിൽ ചേർന്ന യുനെസ്‌കോ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഏഷ്യയിൽ ഈ പട്ടികയിൽ ഇടം നേടുന്ന ആദ്യ ഉത്സവമാണിത്.