നിയും, ചുമയും, ശ്വാസതടസ്സവുമെല്ലാം കോവിഡിന്റെ ലക്ഷണങ്ങളായിരുന്ന കാലം മാറുകയാണ്. ചെറിയൊരു തുമ്മലും തലവേദനയും ക്ഷീണവുമൊക്കെയാണ് ഓമിക്രോൺ ബാധയുടേ ലക്ഷണങ്ങൾ.

പുതിയ വകഭേദം ബാധിച്ചാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ജലദോഷത്തിന്റെതിനു സമമാണെന്നാണ് ഒരു പ്രധാന പഠന റിപ്പോർട്ട് പറയുന്നത്. ഈ വകഭേദം അതിവേഗം പടരുന്ന ലണ്ടനിൽ നടത്തിയ വിശകലനത്തിൽ കണ്ടെത്തിയത് മൂക്കൊലിപ്പ്, തലവേദന, ക്ഷീണം, തുമ്മൽ, തൊണ്ടവേദന തുടങ്ങിയവയാണ് ഓമിക്രോണിന്റെ ലക്ഷണങ്ങൾ എന്നാണ്.

ഇതൊന്നും കോവിഡിന്റെ പ്രധാന ലക്ഷണങ്ങളായി പരിഗണിച്ചിരുന്നില്ല. തുടർച്ചയായ ചുമ, ഉയർന്ന ശരീരോഷ്മാവ്, രുചിയും ഗന്ധവും തിരിച്ചറിയാനുള്ള കഴിവില്ലായ്മ എന്നിവയായിരുന്നു കോവിഡിന്റെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കപ്പെട്ടിരുന്നത്. ക്രിസ്മസ് കാലത്ത് ആഘോഷത്തിനിറങ്ങി പുറപ്പെടുന്നതിനു മുൻപായി ഈ ലക്ഷണങ്ങളെ കുറിച്ച് ബോധവാന്മാരകണമെന്ന് പ്രമുഖ പകർച്ചവ്യാധി വിദ്ഗദനായ പ്രൊഫസർ ടിം സ്പെക്ടർ പറയുന്നു. ജലദോഷത്തിന്റേതിനു സമാനമായ ലക്ഷണങ്ങളാണ് ഓമിക്രോൺ പ്രദർശിപ്പിക്കുന്നത്.

ക്രിസ്ത്മസ്സ് കാലത്ത് കുടുംബങ്ങളൊന്നിച്ച് വിരുന്നുകളിലും മറ്റു ഒത്തുചേരലുകളിലും പങ്കെടുക്കുമ്പോൾ സാമൂഹിക അകലം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിക്ക് പോകുന്നതിനു മുൻപായി ലാറ്ററൽ ഫ്ളോ പരിശോധനയും നടത്തണം. ഓമിക്രോൺ തന്റെ മുൻഗാമികളേക്കാൾ ദുർബലമാണെന്ന വാദം ഉയരുമ്പോഴും അത് സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല ശാസ്ത്രലോകം. വൈറസ് ദുർബലമായതാണോ അതോ ജനങ്ങളുടേ പ്രതിരോധ ശേഷി വർദ്ധിച്ചതാണോ എന്നത് വ്യക്തമായി തെളിയിക്കാനായിട്ടില്ല.

ബ്രിട്ടനിൽ ഇപ്പോഴും കോവിഡിന്റെ ലക്ഷണങ്ങളായി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത് തുടർച്ചയായ ചുമ, ശരീരോഷ്മാവ് വർദ്ധിക്കൽ, രുചിയും ഗന്ധവും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടൽ എന്നിവയാണ്. ഈ ലിസ്റ്റ് വിപുലമാക്കണമെന്നും ഓമിക്രോണിന്റെ ലക്ഷണങ്ങളെ കൂടി ഇതിൽ ചേർക്കണമെന്നും ഉള്ള ആവശ്യം പലകോണുകളീൽ നിന്നായി ഉയരുന്നുണ്ട്. അങ്ങനെയായാൽ രോഗബാധ നേരത്തേ കണ്ടെത്താനായേക്കും എന്നാണ് വിദഗ്ദർ പറയുന്നത്. അമേരിക്കയിലും മറ്റു പത്തിലധികം കോവിഡ് ലക്ഷണങ്ങളെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

വാക്സിനെ അതിജീവിച്ച് ഓമിക്രോൺ മുന്നേറുകയാണെങ്കിലും, വലിയൊരു പരിധിവരെ ആളുകൾക്ക് സംരക്ഷണം നൽകാൻ വാക്സിനുകൾക്ക് കഴിയുന്നുണ്ടെന്ന് നേരത്തേ മറ്റൊരു പ്രസ്താവനയിൽ ടിം സ്പെക്ടർ പറഞ്ഞിരുന്നു. ഡെല്റ്റ ബാധിച്ചവരിൽ ആശുപത്രികളിൽ പ്രവേശനം തേടിയവരുടെ എണ്ണത്തീന്റെ അഞ്ചിലൊന്ന് ഓമിക്രോൺ ബാധിതർ മാത്രമേ ആശുപത്രികളിലെത്തുന്നുള്ളു എന്നും പഠനം കണ്ടെത്തി.

എന്നാൽ, ഓമിക്രോണിനെ ഭയക്കാതിരിക്കാനുള്ള കാരണമല്ല ഇതെന്നാണ് ക്രിസ് വിറ്റി പറയുന്നത്. 18 പേർ പങ്കെടുത്ത വിരുന്നിൽ 16 പേർക്ക് ഓമിക്രോൺ ബാധയുണ്ടായതു തന്നെ ഇതിന്റെ വ്യാപനശേഷി വിളിച്ചോതുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.