സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ച് നിർമ്മിച്ച ദക്ഷിണ കൊറിയൻ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം. സോൾ മിൽക്ക് എന്ന ഡയറി സ്ഥാപനമാണ് തങ്ങളുടെ പരസ്യത്തിൽ സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചിരിക്കുന്നത്.

ഒരു പുഴയുടെ തീരത്തുകൂടി ക്യാമറയുമായി ഒരാൾ നടക്കുന്നതും അതിനിടെ വെളുത്ത വസ്ത്രമണിഞ്ഞ ഒരു കൂട്ടം സ്ത്രീകൾ യോഗ ചെയ്യുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ ഇയാൾ കാണുന്നത്. രഹസ്യമായി ഈ സ്ത്രീകളെ അയാൾ ക്യാമറയിൽ ചിത്രീകരിക്കുന്നതിനിടെ ഒരു ഉണങ്ങിയ മരക്കമ്പിൽ ചവിട്ടുന്നു. ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ സ്ത്രീകളുടെ കൂട്ടത്തിൽനിന്നൊരാൾ ക്യാമറയുമായി നിൽക്കുന്ന ആളെ കാണുന്നു. അടുത്ത ഷോട്ടിൽ ഈ സ്ത്രീകളെല്ലാം പശുക്കളായി നിൽക്കുന്നതാണ് കാണാൻ കഴിയുന്നത്.

വലിയതോതിലുള്ള പ്രതിഷേധങ്ങൾ പരസ്യത്തിനെതിരേ ഉയർന്നതോടെ സോൾ മിൽക്ക് പരസ്യം പിൻവലിച്ചതായി ബി.ബി.സി. റിപ്പോർട്ട് ചെയ്തു. എന്നാൽ, അപ്പോഴേക്കും ഈ പരസ്യം വൈറലായിരുന്നു. സ്ത്രീകളെ മോശമായി കാണിച്ചു എന്നതിനു പുറമെ അനുവാദമില്ലാതെ എങ്ങനെയാണ് ഒരാളുടെ ചിത്രങ്ങളും വീഡോയോകളും ചിത്രീകരിക്കാനാകുക എന്ന തരത്തിലുള്ള ചർച്ചകളും ദക്ഷിണ കൊറിയയിൽ ഉയർന്നു.

പരസ്യത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയർന്നതോടെ സോൾ മിൽക്കിന്റെ മാതൃസ്ഥാപനമായ സോൾ ഡയറി കോ-ഓപ്പറേറ്റീവ് മാപ്പുപറഞ്ഞും രംഗത്തെത്തി. നവംബർ 29-ന് പുറത്തുവിട്ട പരസ്യത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ട എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഈ വിഷയം ഗൗരവപരിഗണിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും. ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ ശ്രദ്ധ പുലർത്തുന്നതായിരിക്കും. മാപ്പ് ചോദിച്ചുകൊണ്ട് തലകുനിക്കുന്നു- സോൾ ഡയറി കോ-ഓപ്പറേറ്റീവ് പറഞ്ഞു.

സ്ത്രീകളെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള പരസ്യം സോൾ മിൽക്ക് മുമ്പും പുറത്ത് വിട്ടിരുന്നു. 2003-ൽ പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുന്നതിന്റെ ഭാഗമായി ചിത്രീകരിച്ച പരസ്യത്തിൽ നഗ്‌നരായ സ്ത്രീകൾ തൈര് ദേഹത്ത് സ്‌പ്രേ ചെയ്യുന്നതായിരുന്നു കാണിച്ചതെന്ന് ദക്ഷിണ കൊറിയൻ മാധ്യമമായ കൊറിയ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.