ധാക്ക: 1971 ൽ ബംഗ്ലാദേശിന്റെ വിമോചനത്തിനായി നടന്ന യുദ്ധത്തിനിടെ പാക്കിസ്ഥാൻ സൈന്യം നശിപ്പിച്ച ഇന്ത്യൻ ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. പുനർനിർമ്മിച്ച ശ്രീ റംമ്‌ന കാളി ക്ഷേത്രം ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഇന്ന് തുറന്നുകൊടുക്കും. ഇന്ത്യയും ക്ഷേത്ര പുനർനിർമ്മാണത്തിൽ പങ്കാളിത്തം വഹിച്ചിരുന്നു.

ബംഗ്ലാദേശ് സ്വതന്ത്രമായതിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ നടന്ന വിജയദിന പരേഡിലെ വിശിഷ്ടാതിഥി രാഷ്ട്രപതി റാം നാഥ് കോവിന്ദ് ആയിരുന്നു. ബംഗ്ലാദേശിനെ മോചിപ്പിച്ചതിൽ ഇന്ത്യ വഹിച്ച പങ്കിന്റെ പ്രതീകമായി മൂന്ന് ഇന്ത്യൻ സേനകളിൽ നിന്നുള്ള 122 അംഗ സംഘം പരേഡിൽ പങ്കെടുത്തു. ഇന്ത്യൻ സേനയുടെ പരേഡിനെ വൻ കരഘോഷത്തോടെയാണ് കാണികൾ എതിരേറ്റത്.

ബംഗ്ലാദേശ് പ്രസിഡന്റ് എം.അബ്ദുൽ ഹമീദ്, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ മാർച്ച് പാസ്റ്റ് വീക്ഷിച്ചു. ചടങ്ങിനു മുന്നോടിയായി രാഷ്ട്രപതി, ബംഗ്ലാദേശ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവർ യുദ്ധസ്മാരകം സന്ദർശിച്ച് രക്തസാക്ഷികളായ സൈനികർക്ക് ആദരമർപ്പിച്ചു. ത്രിദിന സന്ദർശനത്തിനിടെ രാഷ്ട്രപതി ബംഗ്ലാദേശ് പ്രസിഡന്റ് എം. അബ്ദുൽ ഹമീദുമായും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും വിവിധ മേഖലകളിലെ സഹകരണത്തെപ്പറ്റി ചർച്ച നടത്തി. 50 കോടി ഡോളറിന്റെ പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യ നൽകും.