- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിൻ എടുക്കാത്തവരെ വീട്ടിലിരുത്തിയ മൂന്ന് യൂറോപ്യൻ രാജ്യങ്ങളിൽ ഓമിക്രോൺ വീണു; മറ്റ് യൂറോപ്യൻ രജ്യങ്ങളിൽ പുതിയ വകഭേദം പടരുമ്പോൾ ഹോളണ്ടിലും ആസ്ടിയയിലും ബെൽജിയത്തിലും ആശ്വാസത്തിന്റെ പുതു വാർത്തകൾ; ദക്ഷിണാഫ്രിക്കയിൽ എല്ലാം ശരിയാകുന്നു
ഏറെ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചെങ്കിലും നെതർലൻഡ്സും, ആസ്ട്രിയയും, ബെൽജിയവും വാക്സിൻ എടുക്കാത്തവർക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ഫലം കണ്ടു എന്നുതന്നെയാണ് തെളിയുന്നത്. ഇതോടെ ഈ രാജ്യങ്ങളിൽ കോവിഡ് വ്യാപനം കുത്തനെ കുറയുന്നതായി കണക്കുകൾ പറയുന്നു. ഈ മൂന്ന് രാജ്യങ്ങളിലും വാക്സിനെടുക്കാത്തവരെ അക്ഷാരാർത്ഥത്തിൽ വീട്ടിൽ ഇരുത്തുന്ന രീതിയിലുള്ള ലോക്ക്ഡൗണാണ് ഏർപ്പെടുത്തിയിരുന്നത്. മാത്രമല്ല, പലയിടങ്ങളിലും കർഫ്യൂ പ്രഖ്യാപിക്കുകയും പൊതുജനങ്ങൾ ഒത്തുകൂടുന്നതിന് പരിമിതികൾ നിശ്ചയിക്കുകയും ചെയ്തു.
കോവിഡ് വ്യാപനം കൈവിട്ടുപോകുമെന്ന സ്ഥിതി സംജാതമായപ്പോഴായിരുന്നു ഈ രാജ്യങ്ങൾ ഇത്തരത്തിലുള്ള കടുത്ത തീരുമാനം എടുക്കാൻ തുനിഞ്ഞത്. രണ്ടാം തരംഗത്തെ തടയുവാൻ ഇത് ഏറെ സഹായകരമായതായി കണക്കാക്കുന്നു. എന്നാൽ ഇപ്പോൾ യൂറോപ്പിലാകമാനം ഓമിക്രോൺ വകഭേദം കത്തിപ്പടരുകയാണ്. ബ്രിട്ടനു പുറമെ ഫ്രാൻസിലും ഡെന്മാർക്കിലും ഓമിക്രോൺ താണ്ഡവമാടുന്ന അവസ്ഥയാണിപ്പോഴുള്ളത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളും ബെൽജിയത്തിന്റെയും ആസ്ട്രിയയുടെയും നെതർലാൻഡ്സിന്റെയും വഴിയെ നീങ്ങുവാൻ തീർമാനിച്ചതാണ് എന്നാൽ, ഈ രാജ്യങ്ങളിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങൾ ഫലവത്തായോ എന്നറിയുവാൻ കാത്തിരിക്കുകയാണവർ.
നവംബർ 15 നായിരുന്നു ആസ്ട്രിയ വാക്സിൻ എടുക്കാത്തവർക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അത്യാവശ്യ സാധനങ്ങൾ വാങ്ങാനും ജോലിക്കുമല്ലാതെ വീടിനു പുറത്തിറങ്ങാൻ അവർക്ക് അനുവാദമില്ല. 65 ശതമാനം പേരായിരുന്നു അതുവരെ വാക്സിൻ എടുത്തതെങ്കിൽ, നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനു ശേഷം അത് 71.8 ശതമാനമായി ഉയർന്നു. നെതർലാൻഡ്സിൽ നവംബർ 28 മുതൽ ഭാഗിക ലോക്ക്ഡൗൺ ആയിരുന്നു. 13 ആളുകളിൽ കൂടുതൽ കൂട്ടം ചേരുന്നത് നിരോധിച്ചപ്പോൾ ബാറുകൾക്കുംറെസ്റ്റോറന്റുകൾക്കും മറ്റും വൈകിട്ട് അഞ്ച് മണിക്ക് ശേഷം അടച്ചുപൂട്ടാനുള്ള ഉത്തരവിറക്കുകയും ചെയ്തു.
നവംബർ 26 മുതൽ ബെൽജിയത്തിൽ, സാദ്ധ്യമായ ഇടങ്ങളിലെല്ലാം വർക്ക് ഫ്രം ഹോം നിർബന്ധമാക്കി. അതുപോലെ ബാറുകളിലും റെസ്റ്റോറന്റുകളിലുമൊക്കെ ഒരു മേശക്ക് ചുറ്റും ആറുപേരിൽ കൂടുതലിരിക്കുന്നതും വിലക്കിയിരുന്നു. സ്വകാര്യ പാർട്ടികൾ നിരോധിക്കുകയും സാമൂഹ്യ അകലം പാലിക്കാൻ കഴിയാത്ത ബാറുകളും റെസ്റ്റോറന്റുകളും മറ്റും അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു. ആഴ്‌ച്ചകളോളം യൂറോപ്പിലെ ഏറ്റവും ഭയാനകമായ രോഗവ്യാപനത്തിന് സാക്ഷ്യം വഹിച്ച ആസ്ട്രിയയിൽ അടുത്ത ഏതാനും ആഴ്‌ച്ചകളായി രോഗവ്യാപന നിരക്ക് കുത്തനെ താഴുകയാണ്.
നവംബർ അവസാന വാരത്തി പത്തുലക്ഷംപേരിൽ 1563 രോഗികൾ ഉണ്ടായിരുന്ന സാഹര്യമായിരുന്നെങ്കിൽഇപ്പോളത് പത്തുലക്ഷം പേരിൽ 415 രോഗികൾ എന്ന നിലയിലേക്ക് താഴ്ന്നു. ക്രിസ്ത്മസ് വിപണികൾ ഉൾപ്പടെ ചില സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ഞായറാഴ്‌ച്ച അനുമതി നൽകിയെങ്കിലും വാക്സിൻ എടുക്കാത്തവർക്ക് വീടുകളിൽ തന്നെ തുടരേണ്ടി വന്നു. സമാനമായ രീതിയിലാണ് ബെൽജിയത്തിലും രോഗവ്യാപനം കുറഞ്ഞുവരുന്നത്. നവംബർ 30 ന് പത്ത് ലക്ഷം പേരിൽ 1,601 രോഗികൾ ഉണ്ടായിരുന്നിടത്ത് ഇന്നലെ പത്ത് ലക്ഷത്തിൽ 1000 പേർക്ക് എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.
അതേസമയം, ഡെന്മാർക്ക്, നോർവേ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ രോഗവ്യാപനം വർദ്ധിച്ചുവരികയാണ്. ഓമിക്രോൺ വകഭേദമാണ് ഇവിടെ വ്യാപകമാകുന്നത് എന്നത് കടുത്ത ആശങ്കയുണർത്തുന്നു. അതേസമയം, ഓമിക്രോൺ വകഭേദത്തിന്റെ എപ്പിസെന്ററായിരുന്ന ദക്ഷിണാഫ്രിക്കയിൽ രോഗവ്യാപനത്തിന് ചെറിയൊരു ശമനം വന്നിട്ടുണ്ട്.
ഇന്നലെ രോഗവ്യാപനത്തിൽ ദൃശ്യമായ വർദ്ധനവ് കേവലം 10 ശതമാനം മാത്രമായിരുന്നു.അതുപോലെ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ