കൊച്ചി:സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക ദുരന്തമാണ് വന്യജീവി ആക്രമണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. കാടിറങ്ങുന്ന മൃഗങ്ങളുടെ ആക്രമണം ഒരു വലിയ ജീവിത പ്രതിസന്ധിയാണ് കേരളത്തിലുടനീളം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യസഭയിൽ ഈ വിഷയം ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ജില്ലകളിൽ വന്യജീവി ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന കർഷകരെ നേരിൽ കണ്ട് നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന പ്രത്യേക കർഷക സമ്പർക്ക പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വന്യ ജീവി ആക്രമണത്തിന്റെ ആഘാതം നേരിട്ട് മനസ്സിലാക്കുന്നതിനും ജനകീയപ്രശ്‌നം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ജില്ലയിൽ വന്യജീവി ശല്യം നേരിടുന്ന കുട്ടമ്പുഴ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളായ മണികണ്ടൻച്ചാൽ പൂയംകുട്ടി, വെറ്റിലപ്പാറ വാവേലി, പ്ലാമുടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും വിവിധ കർഷകരിൽ നിന്നും നിവേദനം സ്വീകരിക്കുകയും ചെയ്തു.

വനത്തേയും വന്യജീവികളേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1972 ൽ നിലവിൽ വന്നതാണ് കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം. മ്യഗങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി എന്നാണ് വനം വകുപ്പിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. വന്യജീവികൾ കാട്ടിൽ നിന്നും കൂട്ടത്തോടെ കാടിറങ്ങുന്നു. കർഷകർ കഠിനമായി അദ്ധ്വാനിച്ച് വിളയിക്കുന്ന കൃഷി കൂട്ടത്തോടെ മൃഗങ്ങൾ നശിപ്പിക്കുന്നു.

കാടിറങ്ങുന്ന മൃഗങ്ങൾ മനുഷ്യനെ ആക്രമിച്ച് കൊല്ലുന്നത് ഇനിയും അനുവദിക്കാനാവില്ല. മനുഷ്യന്റെ ജീവൻ സംരക്ഷിക്കാത്ത ഒരു നിയമത്തിനും പ്രസക്തിയില്ല. അര നൂറ്റാണ്ട് പിന്നിട്ട ഇന്നിപ്പോൾ കാലഹരണപ്പെട്ട കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം ഉടൻ ഭേദഗതി ചെയ്യണം. കർഷർക്ക് പരിരക്ഷ നൽകാത്ത ഈ നിയമത്തിലെ എല്ലാ ചട്ടങ്ങളും ഉടൻ ഭേദഗതി ചെയ്യണം. നിയമത്തിലുണ്ടാകേണ്ട അടിസ്ഥാനപരമായ ഭേദഗതിയാണ് ഇതിന് ശാശ്വതമായ പരിഹാരം. സംസ്ഥാന സർക്കാർ ഈ വിഷയം ഗൗരവകരമായി തന്നെ കേന്ദ്രസർക്കാരിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്.

കേന്ദ്രഭരണകൂടം ഇക്കാര്യത്തിൽ ശാശ്വതപരിഹാരത്തിന് ഉടൻ നടപടി സ്വീകരിക്കണം. വനത്തിനുള്ളിൽ മൃഗങ്ങൾക്കു തീറ്റയും വെള്ളവും ലഭ്യമാക്കാൻ വേണ്ട പദ്ധതികളും നടപ്പാക്കണം. വന്യജീവി ആക്രണത്തിൽ മനുഷ്യനുണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കാൻ നഷ്ടപരിഹാര തുക പരമാവധി 6 മാസത്തിനുള്ളിൽ ലഭ്യമാക്കാൻ പ്രത്യേക ട്രിബ്യൂണൽ സ്ഥാപിക്കണം. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്ന വർക്കും, കൃഷി നാശമുണ്ടാകുന്നവർക്കും ലഭിക്കുന്ന തുകയും വർധിപ്പിക്കണമെന്നും ജോസ് കെ.മാണി എംപി ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഷീദ സലീം, കെ കെ ഡാനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ കെ കെ ഗോപി, ആശ അജിൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, പഞ്ചായത്ത് മെമ്പർമാരായ സണ്ണി വര്ഗീസ്, സാറാമ്മ ജോൺ, ഡെയ്‌സി ജോയ്, ഷീല രാജീവ്, നേതാക്കളായ പ്രൊഫസർ ലോപ്പസ് മാത്യു , അഡ്വക്കേറ്റ് റോണി മാത്യു, കെ.കെ ശിവൻ, ബാബു ജോസഫ്, , എം എം ഫ്രാൻസിസ്, റ്റി സി ജോയ്, കെ ടി പൊന്നച്ചൻ, ടി പി ഐസക്, , എൻ സി ചെറിയാൻ, അഡ്വക്കേറ്റ് ജോസ് വര്ഗീസ്, ടി പി ബേബി, സിറിയക് ചാഴികാടൻ, ജോമി എബ്രഹാം, സ്‌കറിയ അലൻ, ബിനിൽ വാവേലി, ടോമി ജോസഫ്, ജെസ്സെൽ വര്ഗീസ്, അൻവർ മുണ്ടേത്, ജോസി പി തോമസ്.