ന്ത്യയിൽ ന്യുനപക്ഷ പീഡനമെന്ന് നാഴികക്ക് നാല്പത് വട്ടം വിളിച്ചുപറയുന്നവർ അറിയാതെ പോവുകയോ അല്ലെങ്കിൽ അറിഞ്ഞില്ലെന്ന് നടിക്കുകയോ ചെയ്ത ഒരു സംഭവമാണ് മൊസാംബിക്കിൽ നടന്നത്. ഐസിസ് ഭീകരർ എന്ന് സംശയിക്കപ്പെടുന്ന ഒരു കൂട്ടം ആളുകൾ ഒരു ക്രിസ്ത്യൻ പാസ്റ്ററുടെ തലയറത്തു. അതുകൊണ്ട് തീർന്നില്ല അവരുടെ ക്രൂരത. അറത്തെടുത്ത തല അവർ അയാളുടേ ഭാര്യയ്ക്ക് കൈമാറി അതുകൊണ്ടു പോയി അധികാരികളോട് പരാതിപ്പെടാനും ആവശ്യപ്പെട്ടു. രാജ്യത്തിലെ ഏറ്റവും അധികം എണ്ണസമ്പത്തുള്ള വടക്കൻ പ്രവിശ്യയായ കാബോ ഡെൽഗാഡോയിൽ നടന്ന ഈ സംഭവം പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്‌ച്ചയായിരുന്നു സംഭവം നടന്നത്. ഭർത്താവിന്റെ അറത്തു മാറ്റിയ ശിരസ്സുമായി അയാളുടെ വിധവ ജില്ലാ പ്ലീസ് ആസ്ഥാനത്ത് എത്തുകയായിരുന്നു എന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. വീടിനടുത്തുള്ള സ്വന്തം കൃഷിയിടത്തിൽ നിന്നും പാസ്റ്ററെ തട്ടിക്കൊണ്ടുപോയാണ് തലയറുത്തതെന്ന് അയാളുടെ വിധവ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ നാലുവർഷമായി നടന്നുവരുന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ മൂലം മൊസാംബിക്കിൽ ഭീകരപ്രവർത്തനങ്ങൾ കുറഞ്ഞുവന്നിട്ടുണ്ടെന്ന് കഴിഞ്ഞ വ്യാഴാഴ്‌ച്ചയായിരുന്നു പ്രസിഡണ്ട് ഫിലിപി ന്യുസി അവകാശപ്പെട്ടത്.

2017 മുതൽ തന്നെ കാബോ ഡെൽഗാഡോ പ്രവിശ്യയിൽ നിരവധി ഭീകരാക്രമണങ്ങൾ ഐസിസ് നടത്തിയിട്ടുണ്ട്. ഇതുവരെ ഏകദേശം 3340 പേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഈ വർഷം ആദ്യം നടന്ന ഒരു ആക്രമണത്തെ തുടർന്ന് എട്ട് ലക്ഷം പേർക്കാണ് അവരുടെ വീടുകളിൽ നിന്നും ഒഴിഞ്ഞുപോകേണ്ടതായി വന്നത്. മാർച്ച് 24 ന് പാൽമ പട്ടണത്തിലായിരുന്നു ഇസ്ലാമിസ്റ്റ് ഭീകരർ അക്രമം അഴിച്ചുവിട്ടത്. അതിനെ തുടർന്ന് ജൂലായ് മാസം മുതൽ 3,100 ആഫ്രിക്കൻ, യൂറോപ്യൻ, അമേരിക്കൻ സൈനികരെ ഇവിടെ വിന്യസിച്ചിരുന്നു.

ഇപ്പോഴും ഒട്ടുമിക്ക ആഴ്‌ച്ചകളിലും ഗ്രാമീണർക്കും സാധാരണക്കാർക്കുമെതിരെ ഭീകരർ അക്രമം അഴിച്ചുവിടുന്നുണ്ട്. എന്നിട്ടും ഭീകരരെ ഒതുക്കുവാനുള്ള പദ്ധതി ഭാഗിക വിജയമായിരുന്നു എന്നായിരുന്നു പ്രസിഡണ്ട് പാർലമെന്റിൽ അവകാശപ്പെട്ടത്. 2020-ൽ രാജ്യത്ത് 160 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2021-ൽ അത് 52 ആയി കുറഞ്ഞു എന്നാണ് അദ്ദേഹം പാർലമെന്റിൽ അവകാശപ്പെട്ടത്. അയൽരാജ്യമായ റവാണ്ടയുടെ സൈനിക സഹായത്തോടെയുള്ള നടപടികളാണ് ഇതിന് കാരണമായതെന്നും അന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.

ഇരു രാജ്യങ്ങളുടേ സൈന്യങ്ങൾ സഹകരിച്ച് അടുത്തയിടെ നടത്തിയ വിവിധ ഓപ്പറേഷനുകളിലായി സംശയിക്കപ്പെടുന്ന 245 തീവ്രവാദികളെ പിടികൂടിയിട്ടുണ്ടെന്നും മറ്റ് 200 തീവ്രവാദികളെ കൊല്ലാനായെന്നും അദ്ദേഹം അവകശപ്പെട്ടിരുന്നു. ഇതിൽ 10 തീവ്രവാദി നേതാക്കളും ഉൾപ്പെടുന്നു. തീവ്രവാദ പ്രവർത്തനം ഒരു പരിധിവരെ ഒതുക്കാനായി എന്ന് അവകാശപ്പെടുമ്പോഴും ആക്രമണം ഭയന്ന് നാടുവിട്ടവർ തിരിച്ചുവരുന്നതിനെ പ്രസിഡണ്ട് പ്രോത്സാഹിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

മൊസാംബിക്കിലെ ഐസിസ് ഉദയം

ഇരുപത് ശതമാനം മുസ്ലിം മത വിശ്വാസികൾ മാത്രമുള്ള ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമാണ് മൊസാംബിക്. 1998-ൽ കെനിയയിലെ അമേരിക്കൻ എംബസിക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട തീവ്രവാദിയായ പുരോഹിതൻ അബൗദ് റോഗോ മുഹമ്മദിന്റെ അനുയായികളായ ഒരു കൂട്ടം മത തീവ്രവാദികൾ 2015-ലാണ് അൻസർ അൽ സുന്ന എന്നപേരിൽ ഒരു മത പ്രസ്ഥാനം രൂപീകരിക്കുന്നത്. പ്രകൃതിസമ്പത്ത് ഏറെയുള്ള ഒരു മേഖലയിൽ വസിച്ചിട്ടും അവസരങ്ങൾ കൈവരാതെ നിരാശരായ ഒരുപറ്റം യുവാക്കളെ ആകർഷിക്കാൻ ഈ പ്രസ്ഥാനത്തിനായി.

സാവധാനം മോസ്‌കുകളും മത പാഠശാലകളും ഒക്കെ നിർമ്മിച്ച് പ്രാദേശിക വാസികളുമായി കൂടുതൽ അടുക്കുവാൻ ഈ സംഘടനയ്ക്കായി. എന്നാൽ, 2017-ൽ ഇവർ അക്രമ മാർഗ്ഗത്തിലേക്ക് കടക്കുകയും അൽ ഷബാബ് എന്ന പെരിൽ അറിയപ്പെടുകയും ചെയ്യാൻ തുടങ്ങി. എന്നിരുന്നാലും അക്കാലത്ത് അവർക്ക് സൊമാലിയയിൽ ഇതേ പേരിലുള്ള ജിഹാദി വിമതരുമായി ബന്ധമുണ്ടെന്നുൽളത് അറിഞ്ഞിരുന്നില്ല.

സാവധാനം ഐസിസ് പതാകയ്ക്ക് മുന്നിൽ പോസു ചെയ്തുള്ള പൊസ്റ്റുകളും അതുപൊലെ അന്നത്തെ ഐസിസ് തലവനായിരുന്ന അബു ബക്കർ അൽ ബാഗ്ദാദിയെ വാഴ്‌ത്തുന്ന പോസ്റ്റുകളും ഒക്കെയായി ഇവർ സമൂഹ മാധ്യമങ്ങളിൽ സജീവമാകാൻ തുടങ്ങി. അതിനുശേഷമാണ് ഐസിസിന്റെ മദ്ധ്യ ആഫ്രിക്ക പ്രവിശ്യ വിഭാഗത്തിൽ മൊസാംബികിൽ നിന്നുള്ള ജിഹാദികൾ ചേർന്നതായി ഐസിസ് സ്ഥിരീകരിച്ചത്. അതിനുശേഷം മൊസാംബിക്കിൽ നടന്ന നിരവധി അക്രമ സംഭവങ്ങളുടെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു. ഇതിൽ ക്രൂരമായ കൊലപാതകങ്ങളും കൂട്ടക്കൊലകളുമൊക്കെ ഉൾപ്പെട്ടിരുന്നു.

കൽക്കരി നിക്ഷേപവും പ്രകൃതി വാതകവും ധാരാളമുള്ള വടക്കൻ പ്രവിശ്യയിലെ സമ്പത്തിലാണ് തീവ്രവാദികൾ പ്രധാനമായും നോട്ടമിടുന്നത്. ഇപ്പോഴും അൽ ഷബാബ് പ്രവർത്തകർ എന്ന് അവകാശപ്പെടുമ്പോഴും അവർ ഐസിസിന്റെ ഒരു ഭാഗം തന്നെയാണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു.