ന്താരാഷ്ട്ര യാത്രക്കാർക്കുള്ള നിയമങ്ങളിൽ അടുത്ത ആഴ്ച കൂടുതൽ ഇളവുകൾ അനുവദിക്കാൻ ഒരുങ്ങി ന്യൂ സൗത്ത് വെയിൽസും, വിക്ടോറിയയും. സമ്പൂർണ്ണ വാക്സിനേഷൻ നേടിയ യാത്രക്കാർക്ക് 72 മണിക്കൂർ ഐസൊലേഷൻ ഏർപ്പെടുത്തിയ നിബന്ധന ഇതിന്റെ ഭാഗമായി ഒഴിവാക്കും.

ഡിസംബർ 21 മുതൽ മെൽബണിലും, സിഡ്നിയിലും എത്തിച്ചേരുന്ന അന്താരാഷ്ട്ര യാത്രക്കാർ ലാൻഡിങ് ചെയ്ത് 24 മണിക്കൂറിനകം കോവിഡ്-19 പിസിആർ ടെസ്റ്റ് നടത്തണം. നെഗറ്റീവ് ടെസ്റ്റ് ഫലം ലഭിക്കുന്നത് വരെ വീട്ടിൽ ഐസൊലേഷനിലും കഴിയണം.

വാക്സിനെടുക്കാത്ത യാത്രക്കാർക്കുള്ള നിബന്ധന പഴയത് പോലെ തുടരും. വിദേശത്ത് നിന്നും എത്തുന്ന 18 വയസ്സ് മുതൽ പ്രായമുള്ളവർ 14 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ ചെയ്യണം. രണ്ട് സ്റ്റേറ്റുകളിലും അന്താരാഷ്ട്ര അതിർത്തികൾ സംബന്ധിച്ച് സമാനമായ നിയമങ്ങളാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.

അതേസമയം എൻഎസ്ഡബ്യുവിൽ യാത്രക്കാർക്ക് എത്തിച്ചേർന്ന് ആറാം ദിവസം ഒരു ഫോളോ അപ്പ് ടെസ്റ്റ് കൂടി നേടണം. വിക്ടോറിയയിൽ ഇത് അഞ്ചിനും, ഏഴിനും ഇടയിലുള്ള ദിവസങ്ങളിൽ ചെയ്യണം.

ഓമിക്രോൺ വേരിയന്റുമായി ബന്ധപ്പെട്ട് 72 മണിക്കൂർ ഐസൊലേഷൻ ഏർപ്പെടുത്തി മൂന്നാഴ്ചയ്ക്ക് ശേഷമാണ് എൻഎസ്ഡബ്യുവും, വിക്ടോറിയയും അതിർത്തി നിയമങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിക്കുന്നത്.